തിരുവനന്തപുരം: വയനാട് സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അനിശ്ചിതത്വത്തിൽ ഉഴറുന്ന കോൺഗ്രസിനെ പരിഹസിച്ച് സിപിഎം എംഎൽഎ എം സ്വരാജ്.

കോൺഗ്രസിനെ ഇഷ്ടപ്പെടുന്ന എല്ലാവരും ഇപ്പോൾ കോൺഗ്രസിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാലോചിച്ച് വ്യാകുലപ്പെടുന്നുണ്ടാകും. ഒരാഴ്ചയോളമായി രാഹുൽഗാന്ധി വരുമോ ഇല്ലയോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. നാളെ തീരുമാനം വരും എന്ന് പറഞ്ഞ് കഴിഞ്ഞ ഒരാഴ്ചയായി വല്ലാത്ത ഗതികേടിലൂടെയാണ് കോൺഗ്രസ് കടന്നുപോകുന്നത്. ഇത്തരമൊരു അവസ്ഥ ഒരു രാഷ്ട്രീയ എതിരാളികൾക്കും ഉണ്ടാവരുതേ എന്ന് പരിതപിക്കാൻ മാത്രമേ തനിക്ക് കഴിയൂ എന്നും സ്വരാജ് ന്യൂസ് അവറിൽ പറഞ്ഞു.

ദില്ലിയിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനം നടത്തുന്ന നാടകമാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം വൈകുന്നതിന് കാരണമെന്ന കെപിസിസി പ്രസി‍ഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനയെയും എം സ്വരാജ് രൂക്ഷമായി വിമർശിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലെ കോൺഗ്രസിലെ സമുന്നതനായ നേതാവ് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, രണ്ട് സീറ്റുകളിൽ സ്ഥാനാർത്ഥിയെപ്പോലും പ്രഖ്യാപിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അതിനെല്ലാം കാരണം മറ്റ് പാർട്ടികളാണെന്ന് പറയുന്നത് അങ്ങേയറ്റം അപഹാസ്യമാണ്. മറ്റു പാർട്ടികൾ ഇടപെടുന്നത് മൂലം സ്വന്തം പാർട്ടിയുടെ ദേശീയ അധ്യക്ഷന്‍റെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലാകുകയാണെന്നാണ് അദ്ദേഹം പറയുന്നത്.  ഇത്തരം ആരോപണങ്ങൾ കോൺഗ്രസ് പ്രവർത്തകരിലുണ്ടാക്കുന്ന മാനഹാനി  മനസ്സിലാക്കാനുള്ള ബോധമെങ്കിലും കോൺഗ്രസ് നേതാവിന് ഉണ്ടാവട്ടെ എന്ന് ആശിക്കാനെ ഈ സാഹചര്യത്തിൽ കഴിയുകയുള്ളുവെന്നും സ്വരാജ് പറഞ്ഞു 

രാഹുൽ കേരളത്തിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുയർന്നപ്പോൾ തന്നെ അതിനെതിരെ പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ രംഗത്തെത്തിയില്ലേ എന്ന അവതാരകന്‍റെ ചോദ്യത്തിന്  സിപിഎമ്മിന്‍റെ ഇഷ്ടവും അനിഷ്ടവും നോക്കിയല്ല കോൺഗ്രസ് സ്ഥാനാർത്ഥിയെ നി‌ർണയിക്കേണ്ടതന്നായിരുന്നു സ്വരാജിന്‍റെ മറുപടി.

മതനിരപേക്ഷത ചേരിയുടെ നേതാവെന്ന് വിളിക്കപ്പെടുന്ന ബിജെപിക്കെതിരെ  യുദ്ധം പ്രഖ്യാപിച്ച രാഹുൽ ഗാന്ധി ബിജെപിക്ക് ഒരു സ്ഥാനാർത്ഥി പോലുമില്ലാത്ത വയനാട്ടിൽ മത്സരിക്കുന്നത് എന്ത് സന്ദേശമാണ് നൽകുകയെന്നാണ് സിപിഎം ചോദിച്ചത്. രാഹുൽ അല്ല എതിർ സ്ഥാനാർത്ഥിയായി ആര് വന്നാലും അവരെ രാഷ്ടീയപരമായി നേരിടുമെന്നും തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുമെന്നും സ്വരാജ് ന്യൂസ് അവറിൽ പറഞ്ഞു