എന്‍.എന്‍. കൃഷ്ണദാസ്, വി.കെ. ചന്ദ്രന്‍, വി. ചെന്താമരാക്ഷന്‍, ഇ.എന്‍. സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് സജീവമായുള്ളത്. സംസ്ഥാന കമ്മിറ്റി അംഗത്തെ പരിഗണിച്ചാല്‍  എന്‍.എന്‍. കൃഷ്ണദാസിനാണ്  സാധ്യത.

പാലക്കാട്: വിഭാഗീയത രൂക്ഷമായ ലോക്കല്‍, ഏരിയാ സമ്മേളനങ്ങള്‍ക്ക് ശേഷമാണ് നാളെ സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് കൊടി ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യം പൂര്‍ണസമയവും സമ്മേളനത്തിലുണ്ട് . ജില്ലാ സെക്രട്ടറിയായി എന്‍.എന്‍ കൃഷ്ണദാസിനും വി.കെ.ചന്ദ്രനുമാണ് കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്.

വെട്ടിനിരത്തലും വിഭാഗീയതയും അവസാനിക്കാതെയാണ് പാലക്കാട് ജില്ലാ സമ്മേളനം നാളെ പിരായരിയില്‍ തുടങ്ങുന്നത്. പതിനഞ്ചില്‍ ഒൻപത് ഏരിയാ സമ്മേളനങ്ങളിലും കടുത്ത മത്സരമുണ്ടായി. തൃത്താലയിലും കൊല്ലംകോടും ചെര്‍പ്പുളശേരിയിലും ഏരിയാ സെക്രട്ടറിമാര്‍ തോറ്റു. കോങ്ങാട് എംഎല്‍എ ശാന്തകുമാരിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബിനുമോളും ജില്ലാ സമ്മേളന പ്രതിനിധിയാക്കാതെ പുറത്തതായി.

സമ്മേളനം നടക്കുന്ന മൂന്നു ദിവസവുമുള്ള പിണറായിയുടെ സാന്നിധ്യം കീഴ് ഘടകങ്ങളിലെ വിഭാഗീത ജില്ലാ സമ്മേളനത്തിലേക്ക് വ്യാപിക്കുന്നത് തടയുമെന്ന് ജില്ലാ നേതൃത്വം ആവര്‍ത്തിക്കുന്പോഴും കാര്യങ്ങള്‍ അത്ര സുഗമമായിരിക്കില്ല. മൂന്നുടേം പൂര്‍ത്തിയായി ചുമതല ഒഴിയുന്ന നിലവിലെ ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍ പകരക്കാരനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.

എന്‍.എന്‍. കൃഷ്ണദാസ്, വി.കെ. ചന്ദ്രന്‍, വി. ചെന്താമരാക്ഷന്‍, ഇ.എന്‍. സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് സജീവമായുള്ളത്. സംസ്ഥാന കമ്മിറ്റി അംഗത്തെ പരിഗണിച്ചാല്‍ എന്‍.എന്‍. കൃഷ്ണദാസിനാണ് സാധ്യത. ജില്ലാ സെക്രട്ടേറിയേറ്റിലെ മുതിര്‍ന്ന അംഗമെന്ന പരിഗണന വി.കെ. ചന്ദ്രനുണ്ട്. പി.കെ. ശശിയുടെ പിന്തുണയും ചന്ദ്രന് ഗുണമാവും. 

ഒരുപക്ഷത്തിന്‍റേയും ഭാഗമല്ലെങ്കിലും സൗമ്യനായ നേതാവെന്ന പ്രതിശ്ചായയാണ് ചെന്താമരാക്ഷന്‍റെ പ്ലസ് പോയിന്‍റ്. യുവനേതാവ് ജില്ലയെ നയിക്കട്ടെയെന്ന് സംസ്ഥാന നേതൃത്വം നിശ്ചയിച്ചാണ് ചിറ്റൂരില്‍ നിന്നുള്ള സുരേഷ് ബാബുവിന് നറുക്കുവീഴും. എ.കെ. ബാലന്‍, എംബി രാജേഷ്, എന്നീ നേതാക്കളുടെ ജില്ലാ നേതൃത്വത്തിലെ പിടി ഈ സമ്മേനത്തോടെ അയയാനുള്ള സാധ്യതയാണുള്ളത്. ലൈംഗീകാരോപണത്തെത്തുടര്‍ന്ന് പാര്‍ലമെന്ഡ‍ററി രംഗത്തുനിന്നു പി.കെ. ശശിയെ മാറ്റിനിര്‍ത്തിയെങ്കിലും ജില്ലാ നേതൃത്വത്തില്‍ ശശി അനുകൂലികള്‍ക്കുള്ള മേല്‍ക്കൈ തുടര്‍ന്നേക്കും. പത്തംഗ സെക്രട്ടേറിയേറ്റും നാല്പത്തിനൂന്നംഗ ജില്ലാ കമ്മിറ്റിയുമാണ് നിലവിലുള്ളത്. ജില്ലാ കമ്മിറ്റിയുടെ അംഗ ബലം നാല്പത്തി നാലാവുകയും വനിത പ്രാതിനിധ്യം കൂട്ടാനുമാണ് സാധ്യത.