കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ലെന്നും അത് കൂട്ടായതാണെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിച്ച് തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു. പിണറായി പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം ചിരിയിൽ മറുപടി ഒതുക്കി
ദില്ലി: പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിൽ പൊളിറ്റ് ബ്യൂറോക്ക് എതിർപ്പില്ല എന്നാണോ എന്ന ചോദ്യത്തിന് മറുപടി ചിരിയിലൊതുക്കി സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ സി പി എം പി ബി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടാണ് ബേബി മറുപടി ചിരിയിലൊതുക്കിയത്. കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ പൂർണ്ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് സി പി എം നേതൃത്വം സ്വീകരിച്ചത്. തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്വം പിണറായി വിജയൻ മാത്രം ഏറ്റെടുക്കേണ്ടതില്ലെന്നും ഇത് പാർട്ടിയുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും ബേബി വ്യക്തമാക്കി. തോൽവി കൂട്ട് ഉത്തരവാദിത്വമാണ്. കേരളത്തിലെ തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്വം പിണറായി വിജയൻ ഏറ്റെടുക്കേണ്ടതില്ല. ഒരാള് മാത്രം ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സമീപനം സി പി എമ്മിനില്ല. കൂട്ടായ ഉത്തരവാദിത്വമാണ് പാർട്ടിക്കുള്ളത്. തെറ്റ് തിരുത്തൽ ഉണ്ടാകുമെന്നും പാർട്ടിയിൽ നേതൃ മാറ്റം ഉണ്ടാകുമോ എന്ന് അപ്പൊ അറിയാമെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.
വിശദമായി പരിശോധിക്കും
സംസ്ഥാനത്തെ തോൽവി സംബന്ധിച്ച് ഓരോ മണ്ഡലങ്ങളിലായി വിശദമായ പരിശോധന നടത്തുമെന്നും തെറ്റുതിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അണികളെയും അനുഭാവികളെയും കേട്ട ശേഷം മാത്രമേ തിടുക്കപ്പെട്ടുള്ള നിഗമനങ്ങളിലേക്ക് കടക്കുകയുള്ളൂ. മുഖ്യമന്ത്രി നേരിട്ട് മാധ്യമങ്ങളോട് പ്രതികരിക്കാത്തത് അദ്ദേഹം ഫേസ്ബുക്ക് വഴി നിലപാട് വ്യക്തമാക്കിയതുകൊണ്ടാണെന്നും ബേബി കൂട്ടിച്ചേർത്തു. നേതാക്കൾ വിമതരായി മത്സരിച്ച കാര്യത്തിൽ ഓരോ മണ്ഡലത്തിലും തോൽവി ആയി വിലയിരുത്തിയിട്ടില്ല എന്നായിരുന്നു മറുപടി. നേതൃമാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് പരിശോധനകൾക്ക് ശേഷം അക്കാര്യം വ്യക്തമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കേരളത്തിലെ തിരിച്ചടി അപ്രതീക്ഷിതവും അതീവ ഗുരുതരവും
അതേസമയം ഇടതുപക്ഷത്തിന് കേരളത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി അതീവ ഗൗരവകരമായി കാണുന്നുവെന്ന് എം എ ബേബി വ്യക്തമാക്കി. മികച്ച പ്രവർത്തനം നടത്തിയിട്ടും കേരളത്തിൽ നേരിട്ട തിരിച്ചടിയുടെ കാരണങ്ങൾ പാർട്ടി ഗൗരവമായി പരിശോധിക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കാൻ കേന്ദ്രം ശ്രമിച്ചതും ബി ജെ പി മൂന്ന് സീറ്റുകൾ നേടിയതും നിസ്സാരമായി കാണാനാവില്ല. പശ്ചിമ ബംഗാളിൽ കേന്ദ്ര ഏജൻസികളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ദുരുപയോഗം ചെയ്തുകൊണ്ടാണ് ബി ജെ പി നേട്ടമുണ്ടാക്കിയതെന്നും അദ്ദേഹം വിമർശിച്ചു. ബംഗാളിലെ എസ് ഐ ആറിൽ അട്ടിമറി നടന്നെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇതിനെ 'സ്പെഷ്യൽ ഇൻ്റെൻസീവ് റിമൂവൽ' എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

