പള്ളിയിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ വീയപുരം പോലീസ് അറസ്റ്റ് ചെയ്തു

ഹരിപ്പാട്: പള്ളിയിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ വീയപുരം പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കൃഷ്ണപുരം കാപ്പിൽമേക്ക് സ്വദേശി മുഹമ്മദ് ഷമീം (24) ആണ് പിടിയിലായത്. വീയപുരം നിബ്രാസുൽ ഇസ്ലാം സംഘം ജമാഅത്ത് പള്ളിയുടെ സാധനസാമഗ്രികൾ സൂക്ഷിക്കുന്ന സ്റ്റോർ റൂമിൽ നിന്ന് ഇൻഡാലിയത്തിന്‍റെ രണ്ട് ബിരിയാണി ചെമ്പും രണ്ട് ഓട്ടുരുളിയുമാണ് ഇയാൾ മോഷ്ടിച്ചത്. മുൻകാലങ്ങളിലും പള്ളികളിൽ കയറി ഇയാൾ മോഷണം നടത്തിയിട്ടുള്ളതായി പോലീസ് അറിയിച്ചു.

വീയപുരം എസ് എച്ച് ഒ അനൂപ് ജോസിന്‍റെ നേതൃത്വത്തിൽ എസ് ഐമാരായ അജിത്, ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ മനോജ്, ശ്രീകുമാർ, വിനീഷ്, സജാദ്, കിഷോർ, അബ്ദുൽ വാഹിദ്, ഹോംഗാർഡ് ജേക്കബ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.