തിരുവനന്തപുരം:  തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സർണ്ണക്കടത്തും അതിനോട് അനുബന്ധിച്ചുണ്ടായ രാഷ്ട്രീയ വിവാദങ്ങളും ചർച്ച ചെയ്ത് സിപിഎം പോളിറ്റ് ബ്യൂറോ. കേന്ദ്ര കമ്മിറ്റി പുരോഗമിക്കുന്നതിനിടെ ചേർന്ന സിപിഎം പിബിയാണ് തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയത്. 

വിഷയത്തിൽ സർക്കാരിൻ്റേയും തന്റേയും നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര നേതാക്കളെ ധരിപ്പിച്ചു. ആരെങ്കിലും തെറ്റു ചെയ്തെങ്കിൽ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിബി യോഗത്തെ അറിയിച്ചു. എൻഐഎയുടെ അന്വേഷണവും നടപടികളും നിരീക്ഷിച്ചു വരികയാണെന്നും ഭാവി നിലപാടുകൾ പാർട്ടിയിൽ ചർച്ച ചെയ്തു സ്വീകരിക്കുമെന്നും പിണറായി കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചതായാണ് പുറത്തു വരുന്ന വിവരം. 

നിലവിലെ വിവാദങ്ങളിൽ പ്രതിപക്ഷത്തെ രാഷ്ട്രീയമായി നേരിടാനുള്ള തീരുമാനം എ. വിജയരാഘവൻ കേന്ദ്രകമ്മിറ്റിയിൽ വിശദീകരിച്ചു. കൺസൾട്ടൻസി വിഷയവും പോളിറ്റ് ബ്യൂറോ യോഗത്തിൽ കേന്ദ്ര നേതൃത്വം പരാമർശിച്ചാതായാണ് വിവരം.