Asianet News MalayalamAsianet News Malayalam

സിപിഎം അനാവശ്യമായി രാഹുൽ ഗാന്ധിയുടെ പേര് വലിച്ചിഴക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ദില്ലി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റ് നിയമപ്രകാരമാണ് സിബിഐ കേസുകൾ അന്വേഷിക്കുന്നത്. ഓരോ സംസ്ഥാനത്തും അന്വേഷണത്തിന് അതത് സംസ്ഥാനങ്ങളുടെ സമ്മതം സിബിഐയ്ക്ക് ആവശ്യമുണ്ട്

CPIM Rahul Gandhi Mullappally Ramachandran
Author
Thiruvananthapuram, First Published Oct 25, 2020, 11:46 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയെ വിലക്കാനുള്ള നീക്കത്തിൽ സർക്കാരിനെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഈ വിഷയവുമായി ബന്ധപ്പെട്ട് സിപിഎം അനാവശ്യമായി രാഹുൽ ഗാന്ധിയുടെ പേര് വലിച്ചിഴക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജൻസികളെ രാഹുൽ വിമർശിച്ചത് ഉത്തരേന്ത്യയിലെ കേസുകളിലാണ്. കേരളത്തിലേത് അഴിമതി കേസുകളാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ദില്ലി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റ് നിയമപ്രകാരമാണ് സിബിഐ കേസുകൾ അന്വേഷിക്കുന്നത്. ഓരോ സംസ്ഥാനത്തും അന്വേഷണത്തിന് അതത് സംസ്ഥാനങ്ങളുടെ സമ്മതം സിബിഐയ്ക്ക് ആവശ്യമുണ്ട്. കേരളം ഉൾപ്പടെ മിക്ക സംസ്ഥാനങ്ങളും ഇതിനായി പൊതു അനുമതി മുൻകൂട്ടി നൽകിയതാണ്. ഇത് പിൻവലിക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നു. സിപിഐക്കും അനുകൂല അഭിപ്രായമായതിനാൽ സർക്കാർ വിലക്കാനുള്ള ആലോചനകൾ തുടങ്ങിക്കഴിഞ്ഞു.

"സംസ്ഥാനം ആവശ്യപ്പെടുന്ന പല കേസുകളും അവർ ഏറ്റെടുക്കാത്ത സാഹചര്യമാണ്. എന്നാൽ അതല്ലാത്ത പല കേസുകളും അവർ ഏറ്റെടുക്കുന്നുമുണ്ട്. സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ അറിവോടെ മാത്രമേ, അന്വേഷിക്കാൻ പാടുള്ളൂ. രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാനാണ് ഇപ്പോൾ ഏജൻസികൾ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ നിയമപരമായ പരിശോധനകൾ ആവശ്യമാണ്, ഇത് സർക്കാരിനെ അറിയിച്ചെന്നും, തുറന്ന ചർച്ച ആവശ്യപ്പെട്ടു," - കാനം രാജേന്ദ്രൻ പറഞ്ഞു. സിബിഐ ഒരു അന്വേഷണ ഏജൻസിയാണെന്നും അതിനാൽത്തന്നെ കേസന്വേഷണത്ത എതിർക്കുന്നില്ലെന്നും കോടിയേരിക്ക് പിന്നാലെ കാനവും ആവർത്തിക്കുന്നു. എന്നാൽ സംസ്ഥാനസർക്കാരിന്‍റെ അനുമതി ആവശ്യമാണെന്നും കാനം വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios