തിരുവനന്തപുരം: നിരീശ്വരവാദമോ ഈശ്വരനെ നിരാകരിക്കലോ അല്ല കമ്മ്യൂണിസമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും വിശ്വാസികള്‍ക്കോ വിശ്വാസങ്ങള്‍ക്കോ എതിരല്ല. ആദ്യകാലത്തെടുത്ത നിലപാടുകളില്‍ നിന്ന് അണുവിട വ്യതിയാനം പാര്‍ട്ടി വരുത്തിയിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷവും മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ലെന്ന നവോത്ഥാന സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാറിന്‍റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു ആനത്തലവട്ടം ആനന്ദന്‍. 

Read Also: 'ശബരിമല'യെച്ചൊല്ലി നവോത്ഥാന സമിതിയിൽ വിള്ളൽ ; സിപിഎമ്മിനെതിരെ പുന്നല ശ്രീകുമാര്‍

വിശ്വാസികള്‍ക്കു സംരക്ഷണം കൊടുക്കുകയാണ് സര്‍ക്കാരിന്‍റെ കടമ. അതിനുള്ളതാണ് നവോത്ഥാന സമിതി. അല്ലാതെ, നിരീശ്വരവാദികളെയോ അവിശ്വാസികളെയോ സംരക്ഷിക്കാനുള്ളതല്ല.  രാജ്യത്തെ ജനങ്ങളില്‍ 95 ശതമാനവും വിവിധ ജാതി മത വിഭാഗങ്ങളില്‍ പെടുന്ന വിശ്വാസികളാണ്. ഏതു രാഷ്ട്രീയപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരായാലും അവരെല്ലാം വിശ്വാസികളാണ്. ആ വിശ്വാസികള്‍ക്ക് എതിരാണ് സര്‍ക്കാരും ഇടതുപക്ഷ പാര്‍ട്ടികളുമെന്ന് ഒരിക്കലും പറ‌ഞ്ഞിട്ടില്ല. 

ശബരിമല വിഷയത്തിലെടുത്ത നിലപാടാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് ഇടതുപക്ഷം വിലയിരുത്തിയിട്ടില്ല. ബിജെപിയെ എതിര്‍ക്കുന്നവര്‍ കോണ്‍ഗ്രസിന് വോട്ടുചെയ്തു. അവര്‍ ദേശീയതലത്തില്‍ ബിജെപിക്ക് ബദലായി ഇടതുപാര്‍ട്ടികളെ കണ്ടില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനെ അവര്‍ ബദലായി കണ്ടു. അതാണ് തെരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.