ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധരിൽ ഒരാളാണ് ഫിലിപ്പീൻസ് മുൻ പ്രസിഡന്‍റ് റമോൺ മാഗ്‍സസെ എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍

തിരുവനന്തപുരം: റമോൺ മഗ്‍സസെ അവാർഡ് പോലുള്ള പുരസ്ക്കാരങ്ങൾ പാർട്ടി നേതാക്കൾ സ്വീകരിക്കില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം. പാർട്ടി ഔദ്യോഗികമായി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല എന്നാണ് കേന്ദ്രനേതാക്കൾ വ്യക്തമാക്കുന്നത്. എന്നാൽ കേന്ദ്ര നേതൃത്വം നിലപാട് അനൗദ്യോഗികമായി കെ കെ ശൈലജയെ അറിയിച്ചു എന്നാണ് സൂചന. 

കമ്മ്യൂണിസ്റ്റുകാരെ അമേരിക്കൻ ചാരസംഘടനായ സിഐഎയുടെ സഹായത്തോടെ കൊന്നൊടുക്കിയ ചരിത്രമാണ് മഗ്സസെയ്ക്കുള്ളത്. അങ്ങനെയുള്ളൊരാളുടെ പേരിലുള്ള അവാർഡ് പാർട്ടി നേതാക്കൾ വാങ്ങുന്നത് ഉചിതമല്ല. രാഷ്ട്രീയ നേതാക്കൾ ഈ അവാർഡ് സ്വീകരിക്കാറില്ലെന്നും സിപിഎം വിശദീകരിക്കുന്നു. അരവിന്ദ് കെജ്രിവാളും കിരൺ ബേദിയുമൊക്കെ പൗരവകാശ പ്രവർത്തകരെന്ന പേരിലാണ് ഇത് സ്വീകരിച്ചത്. സിപിഐ വനിതാ സംഘടനയുടെ പ്രസിഡന്‍റ് അരുണ റോയ് പുരസ്കാരം സ്വീകരിച്ചതും സ്ഥാനം ഏറ്റെടുക്കും മുമ്പാണ്. കൂട്ടായ പ്രവർത്തനമാണ് കൊവിഡ് കാലത്ത് കേരളത്തിൽ നടന്നതെന്നും സിപിഎം വിശദീകരിക്കുന്നു. 

ഏഷ്യയിലെ നോബൽ സമ്മാനം എന്ന് അറിയപ്പെടുന്ന മഗ്‍സസെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതായി ഫൗണ്ടേഷൻ ശൈലജയെ അറിയിക്കുന്നത് മൂന്ന് മാസങ്ങൾക്ക് മുമ്പാണ്. നിപ-കൊവിഡ് കാലത്തെ കേരളത്തിന്‍റെ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനായിരുന്നു അന്താരാഷ്ട്രാ ബഹുമതി. അവാർഡ് വിവരം സിപിഎം കേന്ദ്ര് കമ്മിറ്റി അംഗമായ ശൈലജ തന്നെയാണ് പാർട്ടിയെ അറിയിച്ചത്. ദേശീയ - സംസ്ഥാന നേതൃത്വങ്ങൾ നടത്തിയ ചർച്ചയിലാണ് നിരസിക്കാനുള്ള തീരുമാനമെടുത്തത്. ഇതിന് മൂന്ന് കാരണങ്ങളാണ് പാർട്ടി നിരത്തുന്നത്.

ഒന്ന് നിപ - കൊവിഡ് പ്രതിരോധ പ്രവർത്തനം ഒരു വ്യക്തിയുടെ മാത്രം നേട്ടമല്ല. എന്നാല്‍ അവാർഡ് വ്യക്തിക്ക് മാത്രമാണ്. രണ്ട് രാഷ്ട്രീയനേതാക്കൾക്ക് മഗ്‍സസെ അവാർഡ് നൽകുന്ന പതിവില്ല. മൂന്ന് ഫിലിപ്പൈൻസിലെ കമ്മ്യൂണിസ്റ്റ് ഗറില്ലകളെ കൊന്നൊടുക്കിയ മുൻ ഭരണാധികാരിയായ റമോൺ മഗ്‍സസെയോടുള്ള എതിർപ്പ്. കഴിഞ്ഞ മാസം ആദ്യമാണ് ശൈലജ അവാർഡ് സ്നേഹപൂർവ്വം നിരസിക്കുന്ന വിവരം ഫൗണ്ടേഷനെ ഇ മെയിലിലൂടെ അറിയിച്ചത്.

പിന്നാലെ കഴിഞ്ഞ ദിവസം ഈ വർഷത്തെ പുരസ്ക്കാരം നാല് പ്രമുഖ വ്യക്തികൾക്ക് പ്രഖ്യാപിച്ചു. മദർ തെരേസ, ആചാര്യ വിനോഭാഭാവെ, സത്യജിത് റായ്. എം എസ് സുബ്ബലക്ഷ്ണി അടക്കം ഇന്ത്യയിലെ മഹത് വ്യക്തികൾക്ക് ഇതുവരെ മഗസസെ പുരസ്ക്കാരം ലഭിച്ചിരുന്നു. രാഷ്ട്രീയത്തിലറങ്ങും മുമ്പ് അഴിമിതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അരവിന്ദ് കെജ്രിവാളിന് പുരസ്ക്കാരം കിട്ടിയിരുന്നു. രാജ്യത്ത് സജീവ രാഷ്ട്രീയത്തിലുള്ള വ്യക്തിയെ ആദ്യമായാണ് മഗ്‍സസെക്ക് പരിഗണിക്കുന്നത്. ശൈലജക്ക് കിട്ടേണ്ട ബഹുമതി സിപിഎം ഇടപെട്ട് തടഞ്ഞു എന്ന രീതിയിലാണ് ഉയരുന്ന വിമർശനങ്ങൾ.