Asianet News MalayalamAsianet News Malayalam

'തുടർഭരണത്തിന് സാധ്യത'യെന്ന് സിപിഎം, കിറ്റ് വിതരണം തുടരും, ബിജെപി വളർച്ച പരിശോധിക്കും

സംസ്ഥാനത്ത് ക്ഷേമപദ്ധതികൾ ഗുണം ചെയ്തെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റിൽ വിലയിരുത്തലുണ്ടായി. സൗജന്യകിറ്റടക്കമുള്ളവ ദുരിതകാലത്ത് ജനങ്ങൾക്ക് വലിയ കൈത്താങ്ങായി. ഈ പദ്ധതികൾ തുടരാനും തദ്ദേശതെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന യോഗത്തിൽ തീരുമാനം.

cpim secretariate meeting on local body polls 2020 win
Author
Thiruvananthapuram, First Published Dec 18, 2020, 4:20 PM IST

തിരുവനന്തപുരം: കേരളത്തിൽ തുടർഭരണത്തിന് സാധ്യതയുണ്ടെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ. പ്രളയകാലത്തും പിന്നീട് കൊവിഡ് കാലത്തും കേരളത്തിൽ നടപ്പാക്കിയ ക്ഷേമപദ്ധതികളും ക്ഷേമപെൻഷൻ വർദ്ധനയുൾപ്പടെയുള്ള കാര്യങ്ങളും തദ്ദേശഭരണതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഗുണം ചെയ്തെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. സൗജന്യകിറ്റ് വിതരണം തുടരാനും ധാരണയായിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ കേരളപര്യടനം ഡിസംബർ 22 മുതൽ തുടങ്ങാനാണ് സംസ്ഥാനസെക്രട്ടേറിയറ്റിന്‍റെ തീരുമാനം. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണപ്രവർത്തനങ്ങൾ ഒട്ടും വൈകാതെ ചിട്ടയോടെ തുടങ്ങാനുള്ള ഒരുക്കങ്ങൾ തുടങ്ങും. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി കണക്കാക്കുന്ന ഈ തദ്ദേശതെരഞ്ഞെടുപ്പിൽ നേടിയ മിന്നുന്ന വിജയം പാർട്ടിക്ക് ഊർജമാവുകയും ചെയ്യും.

അതേസമയം, നഗരമേഖലകളിൽ ബിജെപിയുടെ കടന്നുകയറ്റത്തിൽ ഗൗരതവതരമായ പരിശോധന വേണമെന്ന് സിപിഎം വിലയിരുത്തി. ബിജെപി എങ്ങനെ നഗരകേന്ദ്രീകൃതവോട്ടുകൾ പിടിച്ചെടുത്തുവെന്ന് വിലയിരുത്തും. കേന്ദ്ര അന്വേഷണ ഏജൻസികൾ സർക്കാരിനെ ലക്ഷ്യമിട്ടതും അന്വേഷണം നടത്തിയതും രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായെന്നും സിപിഎം വിലയിരുത്തുന്നു. 

സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ച പശ്ചാത്തലത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരായ തുടർ നീക്കങ്ങളും യോഗത്തിൽ ചർച്ചയായി. സിപിഎം നേതൃയോഗത്തിന് പിന്നാലെ വൈകിട്ട് ഇടത് മുന്നണി യോഗവും എ കെ ജി സെന്‍ററിൽ ചേരുന്നുണ്ട്.

നേരിട്ട് വിജയിച്ചത് പ്രതിസന്ധികാലത്തെ

കൊവിഡ് കാലത്തെ പ്രയാസങ്ങള്‍ക്കിടെ സംസ്ഥാനത്തെ ഏറ്റവും വലിയൊരു തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടക്കുമ്പോള്‍ എല്‍ഡിഎഫിന് മുന്നില്‍ ഒരായിരം തടസ്സങ്ങളായിരുന്നു. സര്‍ക്കാരിനും മുന്നണിക്കുമെതിരെ സമാനതകളില്ലാത്ത ആരോപണങ്ങള്‍ വന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഓരോ ഘട്ടത്തിലും ആരോപണങ്ങള്‍ക്ക് എരിവും പുളിയും കൂടിക്കൂടി വന്നു. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുന്നേറിയതോടെ പല ഘട്ടത്തിലും എല്‍ഡിഎഫ് പ്രതിസന്ധിയിലായി. ലൈഫ് മിഷനടക്കം സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതികളെ സംശയ നിഴലിലാക്കിയുള്ള അന്വേഷണം, ദിവസേന പുറത്ത് വരുന്ന അന്വേഷണ വിവരങ്ങള്‍, കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ഒരുപോലെയുള്ള വിമര്‍ശനം, നാലര വര്‍ഷത്തിനിടെ ഏറ്റവും വലിയ വെല്ലുവിളിയാണ് പ്രചാരണ സമയത്ത് സർക്കാരിന് നേരിടേണ്ടി വന്നത്. 

പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും ഉറച്ച വിശ്വാസത്തിലായിരുന്നു. സര്‍ക്കാരിന്‍റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ അനുഭവിച്ചറിയുന്ന ജനങ്ങള്‍ തങ്ങളെ തള്ളിക്കളയില്ലെന്ന് അവര്‍ വിശ്വസിച്ചു. കൊവിഡ് കാലത്തെ ഉറച്ച നിലപാടുകളും കൃത്യമായി ക്ഷേമപെന്‍ഷന്‍ കൊടുത്തതും, എല്ലാ കാര്‍ഡുടമകള്‍ക്കും സൗജന്യ കിറ്റ് കൊടുത്തതുമെല്ലാം ഗുണമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം പേര്‍ക്ക് വീട് കൊടുത്തതും, ആശുപത്രികളും സ്കൂളുകളുമെല്ലാം നവീകരിച്ചതും നേരിട്ടറിഞ്ഞ വോട്ടര്‍മാര്‍ സ്വാഭാവികമായും എല്‍ഡിഎഫിനൊപ്പം നിൽക്കുകയും ചെയ്തു. 

Read more at: ഇടതിനൊപ്പം കേരളം, കരുത്തായി അഭിമാനനേട്ടം, തളർന്ന് യുഡിഎഫ്, എൻഡിഎ ക്യാമ്പിലും നിരാശ

Follow Us:
Download App:
  • android
  • ios