തിരുവനന്തപുരം: മലവെള്ളപ്പാച്ചില്‍ പോലെ കുത്തിയൊലിച്ച് വന്ന ആരോപണങ്ങളെയാകെ നേരിട്ടാണ് എല്‍ഡിഎഫ് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തടക്കം വിഷയങ്ങളുന്നയിച്ച് യുഡിഎഫും ബിജെപിയും ഇടത് നേതൃത്വത്തെ വരിഞ്ഞ് മുറുക്കിയപ്പോള്‍ നാട്ടില്‍ ചെയ്ത നല്ല കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞതാണ് എല്‍ഡിഎഫിന് തുണയായത്. മഹാമാരിക്കാലത്ത് കിട്ടിയ ദുരിതാശ്വാസകിറ്റുകളും സഹായങ്ങളും ക്ഷേമപെൻഷനുകളുമൊന്നും ജനങ്ങൾ മറന്നില്ല. ഭരണത്തുടര്‍ച്ചയെന്ന മുദ്രാവാക്യവുമായി  ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ ഈ വിജയം എല്‍ഡിഎഫിന് കരുത്ത് പകരുമ്പോള്‍ തോല്‍വിയെ കുറിച്ചുള്ള ആത്മപരിശോധന യുഡിഎഫിലും ബിജെപിയിലും പൊട്ടിത്തെറികളുണ്ടാക്കിയേക്കും.

കൊവിഡ് കാലത്തെ പ്രയാസങ്ങളെല്ലാം മറന്ന് ഏറ്റവും വലിയ ജനാധിപത്യ പോരാട്ടത്തിലേക്ക് പോകുമ്പോള്‍ സംസ്ഥാനത്ത് ഭരണമുന്നണി സമാനതകളില്ലാത്ത ആരോപണങ്ങള്‍ക്ക് നടുവിലായിരുന്നു. പ്രചാരണത്തിന്‍റെ ഓരോ ഘട്ടത്തിലും ആരോപണങ്ങള്‍ക്ക് എരിവും പുളിവുമേറി. മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യം വച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുന്നേറിയപ്പോള്‍ പല ഘട്ടത്തിലും എല്‍ഡിഎഫ് പ്രതിസന്ധിയിലായി. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും ഉറച്ച വിശ്വാസത്തിലായിരുന്നു. ജനങ്ങള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കും. മുഖ്യമന്ത്രി ഒരു ദിവസം പറഞ്ഞത് ഓർക്കാം, നാട്ടിലെ ജീവിതം അനുഭവിച്ചറിയുന്നവര്‍ക്ക് ഈ സര്‍ക്കാരിനെ തള്ളിക്കളയാനാകില്ല.

കൊവിഡ് കാലത്ത് ഉറച്ച നിലപാടുകളും, മഹാമാരിയെ നേരിടാൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ കൃത്യമായി പ്രവർത്തനങ്ങൾക്ക് ഏകോപനം നടത്തിയതും, കൃത്യമായി പെന്‍ഷന്‍ കൊടുത്തതും, എല്ലാ കാര്‍ഡുടമകള്‍ക്കും സൗജന്യ കിറ്റ് കൊടുത്തതുമെല്ലാം എല്‍ഡിഎഫിന് ഗുണമായി. ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം പേര്‍ക്ക് വീട് കൊടുത്തതും, ആശുപത്രികളും സ്കൂളുകളും നവീകരിച്ചതുമെല്ലാം നേരിട്ടറിഞ്ഞ വോട്ടര്‍മാര്‍ സ്വാഭാവികമായി എല്‍ഡിഎഫിനൊപ്പം നിന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടേത് ഐതിഹാസിക മുന്നേറ്റമെന്ന് മുൻ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. പ്രതിപക്ഷത്തിന്‍റെ കള്ള പ്രചാരണങ്ങളെല്ലാം ജനം തള്ളി കളഞ്ഞു.  ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ട് വച്ച വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങൾക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കോടിയേരി കണ്ണൂരിൽ പ്രതികരിച്ചു. 

സജീവമായി ഒരു പാർട്ടി സെക്രട്ടറിയില്ലാതിരുന്ന തെരഞ്ഞെടുപ്പ് കാലമായിരുന്നു സിപിഎമ്മിനിത്. അനാരോഗ്യം കാരണം കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞു. പകരം എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഇരട്ട ഉത്തരവാദിത്തം ഏറ്റെടുത്തു. 

പിണറായി സര്‍ക്കാരിനെതിരെ മത്സരിച്ച് വാര്‍ത്താസമ്മേളനം നടത്തിയ യുഡിഎഫ് നേതാക്കള്‍ യുഡിഎഫിന്‍റെ ശക്തി ചോര്‍ന്ന് പോയത് കണ്ടതേയില്ല. ജോസ് കെ മാണി വിഭാഗവും എല്‍ജെഡിയും യുഡിഎഫില്‍ നിന്ന് വിട്ട് പോയി എല്‍ഡിഎഫിന് കരുത്ത് പകര്‍ന്നു. ജമാഅത്തൈ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം അവസാന ദിവസം വരെ യുഡിഎഫ് പക്ഷത്ത് ആശയക്കുഴപ്പമായി നിന്നപ്പോള്‍ അതിനെതിരെയുള്ള ഉറച്ച നിലപാടുകള്‍ എല്‍ഡിഎഫിന് ആശ്വാസമായി. മുസ്ലിം ലീഗും യുഡിഎഫ് കൺവീനർ എം എം ഹസ്സനും കെ മുരളീധരനും മാത്രം വെൽഫെയർ സഖ്യം ഗുണം ചെയ്യുമെന്ന് പറഞ്ഞപ്പോൾ, അങ്ങനെയൊരു പാർട്ടിയുമായി സഖ്യമേയില്ലെന്ന് മുല്ലപ്പള്ളിയും കെ സി വേണുഗോപാലും അടക്കമുള്ളവർ പറഞ്ഞത് ആകെപ്പാടെ അങ്കലാപ്പായി. 

കേന്ദ്രഭരണത്തിന്‍റെ പിന്തുണയില്‍ ബിജെപി സംസ്ഥാനത്ത് കരുത്ത് കാണിക്കുമ്പോള്‍ കേഡർ പാർട്ടിയായ ബിജെപിയെ പിടിച്ച് നിര്‍ത്താന്‍ യുഡിഎഫിനാകില്ല എന്ന രാഷ്ട്രീയവും എല്‍ഡിഎഫിന് ഗുണമായിട്ടുണ്ട്. കണ്ണൂരില്‍ വോട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പറഞ്ഞതിങ്ങനെയാണ്: ''ആരാണ് ഉലയുന്നതെന്നും ആരാണ് തളരുന്നതെന്നും കാത്തിരുന്ന് കാണാം''.

എല്‍ഡിഎഫ് ഉലഞ്ഞിട്ടില്ല, എല്‍ഡിഎഫ് തളര്‍ന്നിട്ടില്ല. സര്‍ക്കാരിന്‍റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് ആവര്‍ത്തിച്ച് പറഞ്ഞ മുഖ്യമന്ത്രിക്കും എന്തെല്ലാം പ്രശ്നങ്ങളുണ്ടായിട്ടും മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കിയ എല്‍ഡിഎഫ് നേതാക്കള്‍ക്കും വലിയ ആത്മവിശ്വാസം പകരുന്ന വിജയം തന്നെയാണിത്.

തത്സമയസംപ്രേഷണം: