സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെതിരായ സ്വപ്നയുടെ പുതിയ ആരോപണങ്ങൾ സർക്കാരിന് എതിരെ തിരിയുമ്പോൾ ഇതിലെ രാഷ്ട്രീയ പ്രതിരോധം എങ്ങനെ വേണമെന്നതും ചർച്ചയാകും. മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന കർമ്മ പദ്ധതിയും ചർച്ചയാകും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. കൊവിഡ് സ്ഥിതിയിൽ മാറ്റം വരുമ്പോൾ മാർച്ചിൽ നിശ്ചയിച്ച ദിവസങ്ങളിൽ തന്നെ സംസ്ഥാന സമ്മേളനം നടത്താനാണ് സിപിഎം നീക്കങ്ങൾ. സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെതിരായ സ്വപ്നയുടെ പുതിയ ആരോപണങ്ങൾ സർക്കാരിന് എതിരെ തിരിയുമ്പോൾ ഇതിലെ രാഷ്ട്രീയ പ്രതിരോധം എങ്ങനെ വേണമെന്നതും ചർച്ചയാകും. മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന കർമ്മ പദ്ധതിയും ചർച്ചയാകും. യോഗി ആദിത്യനാഥിന്‍റെ കേരളത്തിനെതിരായ വിമർശനങ്ങളും ബിജെപിക്കെതിരെ ആയുധമാക്കാനാണ് സിപിഎം നീക്കം.
ചികിത്സാ ഇടവേളക്കും യുഎഇ സന്ദർശനത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയനും ഇന്നത്തെ പാർട്ടി നേതൃയോഗത്തിൽ എത്തും. ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ചുള്ള ചർച്ചകൾക്കും സാധ്യതയുണ്ട്. ലോകായുക്താ ഭേദഗതിയിൽ സിപിഐയുടെ എതിർപ്പ് അവരുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് നേരത്തെ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. മന്ത്രിസഭയിൽ ഒരു അഭിപ്രായ വ്യത്യാസവുമുണ്ടായില്ല. ഇടതുമുന്നണിയിലെ തർക്കങ്ങൾ മുന്നണിയിലും ഉഭയകക്ഷി രീതിയിലും ചർച്ച ചെയ്യും. മന്ത്രിസഭയിൽ എതിർപ്പ് രേഖപ്പെടുത്താതെ പുറത്ത് എതിർപ്പ് പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിന് നോ കമന്റ്സ് എന്നായിരുന്നു കോടിയേരിയുടെ മറുപടി.
ഗവർണറും സർക്കാരുമായും തർക്കമില്ലെന്ന് കോടിയേരി വ്യക്തമാക്കി. ഇതിനിടെ ലോകായുക്തയ്ക്കെതിരെയുള്ള ആരോപണങ്ങളില്‍ മുൻമന്ത്രി കെ ടി ജലീലിനെ സിപിഎം തള്ളിയിരുന്നു. ജലീലിന്‍റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan) പറഞ്ഞു. ജലീല്‍ പാര്‍ട്ടി അംഗമല്ല. അദ്ദേഹം ഇപ്പോഴും സ്വതന്ത്രനാണെന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ല ജലീല്‍ പറയുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
ലോകായുക്തയ്ക്കെതിരെ ഒരു ആരോപണവും സിപിഎം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകായുക്ത നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. മന്ത്രി ബിന്ദുവിനെതിരെയുള്ള പരാതിയില്‍ മന്ത്രി തെറ്റ് ചെയ്തിട്ടില്ല എന്ന് ലോകായുക്ത വ്യക്തമായി. വിധി സ്വാഗതാർഹമാണ്. ലോകായുക്തയുടെ മുന്നിൽ വരുന്ന ഒരു വിധിയും തടയുന്ന നീക്കം പുതിയ ഭേദഗതിയിൽ ഇല്ലെന്നും കോടിയേരി പറഞ്ഞു.
