ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവര്‍ണറുമായുള്ള തര്‍ക്കം രൂക്ഷമായിരിക്കെ സിപിഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യമടക്കം സിപിഎം ഗൗരവമായി പരിഗണിക്കുന്നുണ്ട്.

ഗവർണർക്ക് എതിരായ സമരം സിപിഎം കൂടുതൽ ശക്തമാക്കും. പൊതുമേഖല സ്ഥാനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം പാര്‍ട്ടിയെ അറിയിക്കാത്ത വിഷയവും ചര്‍ച്ചയ്ക്ക് വരും. പെന്‍ഷന്‍ പ്രായം അറുപത് ആക്കി ഉയര്‍ത്താനുള്ള തീരുമാനം പാര്‍ട്ടി അറിഞ്ഞിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി അറിയാതെ ഇങ്ങനെ ഒരുത്തരവ് എങ്ങനെ വന്നുവെന്ന കാര്യവും നേതൃയോഗങ്ങളില്‍ ചര്‍ച്ചയ്ക്ക് വരും.

അതിനിടെ സർക്കാർ നൽകിയ പേരുകൾ തള്ളി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറുടെ ചുമതല ഡോ സിസി തോമസിന് ഗവര്‍ണര്‍ നല്‍കിയിരിക്കുകയാണ്. ശാസ്ത്ര സാങ്കേതിക വകുപ്പിലെ സീനിയര്‍ ജോയിന്‍റ് ഡയറക്ടറാണ് സിസി തോമസ്. സര്‍ക്കാര്‍ നല്‍കിയ പല പേരുകളും പരിഗണിക്കാതെയാണ് സീനിയറായ പ്രൊഫസര്‍ക്ക് ഗവര്‍ണര്‍ ചുമതല നല്‍കിയത്.

ഡിജിറ്റല്‍ സര്‍വകലാശാല വിസിക്ക് ചുമതല നല്‍കണമെന്നായിരുന്നു ആദ്യം സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പിന്നീട് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കണം എന്നാവശ്യപ്പെട്ടു. എന്നാൽ ഇത് രണ്ടും തള്ളിക്കൊണ്ടാണ് ഗവര്‍ണറുടെ തീരുമാനം. കെടിയു വിസി ആയിരുന്ന ഡോ രാജശ്രീയെ യുജിസി യോഗ്യതയില്ലെന്ന് പറഞ്ഞ് സുപ്രീംകോടതി പുറത്താക്കിയതോടെയാണ് ഒഴിവ് വന്നത്.