Asianet News MalayalamAsianet News Malayalam

സാലറി കട്ട് ഉടനുണ്ടാകില്ല; സാവധാനം മതിയെന്ന് ധനമന്ത്രിയോട് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാൽ കടുത്ത പ്രതിഷേധമുണ്ടെങ്കിലും സാലറികട്ടിൽ നിന്ന പിന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. ജീവനക്കാരുടെ സംഘടനകളുടമായി നടത്തി ചർച്ചയിൽ മൂന്ന് നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചത്

CPIM State secretariat asks fin minister Thomas Isaac to hold salary cut decision
Author
Thiruvananthapuram, First Published Sep 25, 2020, 6:41 PM IST

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ സാലറി കട്ട് തുടരാനുള്ള തീരുമാനം ഉടൻ വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. സംസ്ഥാന ധനമന്ത്രി തോമസ് ഐസകിന് നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരെ പ്രകോപിപ്പിക്കേണ്ടെന്നാണ് വിലയിരുത്തൽ. പാർട്ടി നിലപാട് അനുസരിച്ച് സാലറി കട്ടിൽ സർക്കാർ ഉടൻ തീരുമാനം എടുക്കില്ല. ജീവനക്കാരുടെ സംഘടനകളുമായി വീണ്ടും ചർച്ച നടത്താനും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാൽ കടുത്ത പ്രതിഷേധമുണ്ടെങ്കിലും സാലറികട്ടിൽ നിന്ന പിന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. ജീവനക്കാരുടെ സംഘടനകളുടമായി നടത്തി ചർച്ചയിൽ മൂന്ന് നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. നിലവിൽ അഞ്ചുമാസം കൊണ്ട് ഒരു മാസത്തെ ശമ്പളം പിടിച്ച് കഴിഞ്ഞു. ഈ ശമ്പളം ധനകാര്യസ്ഥാനപത്തിൽ നിന്ന് വായ്‍പയെടുത്ത് സർക്കാർ ഉടൻ നൽകുമെന്നാണ് ആദ്യനിർദ്ദേശം. പക്ഷെ ഒരു തവണ കൂടി സാലറി കട്ടിന് സഹകരിക്കണം.  രണ്ടാമത്തെ നിർദ്ദേശത്തിൽ  അടുത്ത മാസം മുതൽ ആറ് ദിവസത്തെ ശമ്പളം പിടിക്കും. ഓണം അഡ്വാന്‍സ് എടുത്തവർക്ക് ഉൾപ്പടെ  സംഘടനകൾ ആവശ്യപ്പെട്ട ഇളവുകൾ നൽകാം. മൂന്ന് എല്ലാ ജിവനക്കാരിൽ നിന്നും മൂന്ന് ദിവസത്തെ ശമ്പളം പത്ത് മാസം പിടിക്കും. കുറഞ്ഞ വേതനമുള്ളവ‌രെ സാലറി കട്ടിൽ നിന്ന് ഒഴിവാക്കണമെന്ന സംഘടനകുളുടെ നിർദ്ദേശം പരിഗണിക്കാമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 

പിടിച്ച ഒരു മാസത്തെ വേതനം ഉടൻ തിരികെ നൽകണമെന്ന് എൻജിഒ യൂണിയൻ ആവശ്യപ്പെട്ടു. അത് ഉടൻ തിരികെ നൽകുകയാണെങ്കിൽ അടുത്ത ആറ് മാസത്തെ ശമ്പളം ഇളവുകളോടെ പിടിക്കാൻ അനുവദിക്കുമെന്നും എൻജിഒ യൂണിയൻ വ്യക്തമാക്കി. നേരത്തെ പിടിച്ച ഒരുമാസത്തെ ശമ്പളം ഒക്ടോബറില്‍ തന്നെ നല്‍കണം, പിഎഫ്, വായ്‍പാ തിരിച്ചടവ്, അഡ്വാന്‍സ് എന്നിവ അഞ്ച് മാസത്തേയ്ക്ക് ഒഴിവാക്കണം, തുടങ്ങിയ നിബന്ധനകള്‍ പാലിക്കാമെങ്കില്‍ അടുത്ത അഞ്ചുമാസം ശമ്പളം പിടിക്കാമെന്നാണ് ജോയിന്‍റ് കൗണ്‍സിലിന്‍റെ അറിയിപ്പ്.  പ്രതിമാസം ആറ് ദിവസത്തെ ശമ്പളം പിടിക്കാമെന്നാണ് ജോയിന്‍റ് കൗണ്‍സില്‍ വ്യക്തമാക്കുന്നത്. നിര്‍ബന്ധിച്ച് ശമ്പളം പിടിക്കരുതെന്ന് എന്‍ജിഒ അസോസിയേഷന്‍ ആവശ്യപ്പെട്ടു. നിര്‍ബന്ധിച്ച് ശമ്പളം പിടിച്ചാല്‍ പണിമുടക്കെന്നും എന്‍ജിഒ  അസോസിയേഷന്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios