തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ ലക്ഷ്യം വയ്ക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് സ്വപ്ന സുരേഷിൻ്റെ ശബ്ദരേഖയിൽ നിന്നും വ്യക്തമാവുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സ്വർണക്കടത്ത് പ്രതികളെ മാപ്പ് സാക്ഷിയാക്കിയും മറ്റും മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ മൊഴി സൃഷ്ടിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നു. 

മാധ്യമങ്ങൾ പുറത്തു വിട്ട ശബ്ദ രേഖയിൽ നിന്നും മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികൾക്ക് മേൽ കേന്ദ്രഏജൻസികൾ സമ്മർദ്ദം ചെലുത്തുകയാണെന്ന് വ്യക്തമാക്കുകയാണെന്ന് സിപിഎം ആരോപിക്കുന്നു. നേരത്തെ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് എം.ശിവശങ്കർ കോടതിയിൽ വ്യക്തമാക്കിയ കാര്യവും സിപിഎം ചൂണ്ടിക്കാട്ടുന്നു. 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തു വിട്ട പ്രസ്താവന -

മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍.ഡി.എഫ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നതു സംബന്ധിച്ച്‌ പുറത്തു വന്ന വിവരങ്ങള്‍ അതീവ ഗൗരവതരമാണ്‌. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന്‌ പ്രലോഭിപ്പിച്ചും സമ്മര്‍ദ്ദം ചെലുത്തിയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുവെന്നത്‌ നിയമ സംവിധാനത്തോടും, ജനാധിപത്യ വ്യവസ്ഥയോടുമുള്ള പരസ്യമായ വെല്ലുവിളിയാണ്‌. 

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ രാഷ്ട്രീയവും ഭരണപരവുമായി എതിര്‍ക്കാന്‍ കഴിയാത്ത ബി.ജെ.പി - യു.ഡി.എഫ്‌ കുട്ടുകെട്ട്‌ നടത്തുന്ന അപവാദ പ്രചാരവേലയ്‌ക്ക്‌ ആയുധങ്ങള്‍ ഒരുക്കി കൊടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുത്തു തോല്‍പ്പിക്കും.

മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദരേഖയനുസരിച്ച്‌ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ്‌ വ്യക്തമാകുന്നത്‌. കോടതിയില്‍ സമര്‍പ്പിച്ച മൊഴി തനിക്ക്‌ വായിച്ചു നോക്കാന്‍ പോലും നല്‍കിയിട്ടില്ലെന്നാണ്‌ പ്രതി പറഞ്ഞിരിക്കുന്നത്‌. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിരസിച്ച വിചാരണ കോടതി വിധിയില്‍ ഈ മൊഴിയുടെ വിശ്വസനീയത ചോദ്യം ചെയ്‌തിട്ടുണ്ടെന്നതും പ്രസക്തം. യഥാര്‍ത്ഥത്തില്‍ അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത തന്നെയാണ്‌ കോടതി ചോദ്യം ചെയ്‌തത്‌.

രാഷ്ട്രീയ നേതൃത്വത്തിന്റെ പേര്‌ പറയുന്നതിന്‌ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന്‌ മറ്റൊരു പ്രതിയായ ശിവശങ്കറും കോടതിയില്‍ തന്നെ വ്യക്തമാക്കുകയുണ്ടായി. പരസ്‌പര വിരുദ്ധമെന്ന്‌ കോടതി തന്നെ നിരീക്ഷിച്ച ഇ.ഡി റിപ്പോര്‍ട്ട്‌, മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും ലക്ഷ്യം വെച്ചുള്ള തിരക്കഥക്കയ്‌ക്കനുസരിച്ചാണ്‌ അന്വേഷണ പ്രഹസനം നടത്തുന്നതെന്ന്‌ വ്യക്തമാക്കുന്നു.

രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട സ്വര്‍ണ്ണക്കടത്ത്‌ കേസ്‌ അന്വേഷിക്കുന്നതിന്‌ പകരം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ എല്‍.ഡി.എഫ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമോയെന്നാണ്‌ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നത്‌. സ്വര്‍ണ്ണക്കടത്തിലൂടെ ലഭിച്ച പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്‌ യു.എ.പി.എ ചുമത്തി എന്‍.ഐ.എ കേസ്‌ അന്വേഷിക്കുന്നത്‌. 

അതിനെ പൂര്‍ണ്ണമായും നിഷേധിക്കുന്ന ഇ.ഡി റിപ്പോര്‍ട്ട്‌ രാജ്യദ്രോഹക്കുറ്റത്തെ പരോക്ഷമായി റദ്ദാക്കുന്നതാണ്‌. ഇ.ഡി കേസുപോലും അസാധുവാക്കപ്പെടുമല്ലോ എന്ന്‌ കോടതി തന്നെ ഈ ഘട്ടത്തില്‍ പരോക്ഷമായി നിരീക്ഷിക്കുകയുണ്ടായി. സങ്കുചിത രാഷ്ട്രീയ ലക്ഷ്യം നിര്‍വ്വഹിക്കുന്നതിനോടൊപ്പം യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തതിനും കൂടിയാണ്‌ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

ബി.ജെ.പി - യു.ഡി.എഫ്‌ കൂട്ടുകെട്ടിന്റെ ഉപകരണമായി അധഃപതിച്ച കേന്ദ്രഅന്വേഷണ ഏജന്‍സികളുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചെറുത്ത്‌ തോല്‍പ്പിക്കുക തന്നെ ചെയ്യും. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ജീവിത പുരോഗതിക്കും സമര്‍പ്പണത്തോടെ, സമാനതകളില്ലാതെ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയേയും എല്‍.ഡി.എഫ്‌ സര്‍ക്കാരിനേയും ലക്ഷ്യം വെച്ചുള്ള കുറ്റകരമായ നീക്കത്തിനെതിരെ കക്ഷി-രാഷ്ട്രീയത്തിനതീതമായി ജനങ്ങളാകെ രംഗത്തിറങ്ങണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.