ജയരാജനെ തഴഞ്ഞതിലുള്ള വിഷമം ജയരാജൻ അനുകൂലികൾ ഫേസ് ബുക്കിലെ അദ്ദേഹത്തിന്റെ പോസ്റ്റിലെ കമന്റുകളിൽ പ്രകടിപ്പിച്ചു. പ്രവർത്തകരുടെ ഹിറോ താങ്കൾ തന്നെയാണ്. 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങുമ്പോൾ സെക്രട്ടേറിയറ്റിലേക്ക് എത്തും എന്ന് പ്രതീക്ഷിച്ച പല നേതാക്കളും പുറത്താണ്. എല്ലാ സീനിയർ നേതാക്കളേയും സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താനാവില്ലെന്നും അംഗസഖ്യ വർധിച്ചെങ്കിലും സെക്രട്ടേറിയറ്റ് അംഗസഖ്യ ഒന്ന് മാത്രമാണ് കൂട്ടാൻ സാധിച്ചതെന്നും വിശദീകരിച്ച് കോടിയേരി രംഗം തണുപ്പിക്കുന്നുവെങ്കിലും അണികൾക്ക് പ്രിയപ്പെട്ട പല നേതാക്കളും സിപിഎമ്മിൻ്റെ പ്രധാന നേതൃവിഭാഗമായ സെക്രട്ടേറിയറ്റിലേക്ക് അംഗത്വം പ്രതീക്ഷിച്ചിരുന്നു. 

കഴിഞ്ഞ സമ്മേളനത്തിന് ശേഷം പാർട്ടിയുടെ ശാസനയ്ക്ക് വിധേയനായ പി ജയരാജന് ,സംസ്ഥാനസെക്രട്ടറിയേറ്റിൽ ഇടം ലഭിച്ചില്ല. കണ്ണൂരിലെ പഴയ ജില്ലാ സെക്രട്ടറമാരൊക്കെ സെക്രട്ടറിയേറ്റിലെത്തുന്നത് പതിലാണെങ്കിലും ജയരാജനോടുള്ള കോടിയേരി - പിണറായി സഖ്യത്തിന്റെ നിലപാടിൽ മാറ്റമില്ലെന്ന് തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്

ജയരാജനെ തഴഞ്ഞതിലുള്ള വിഷമം ജയരാജൻ അനുകൂലികൾ ഫേസ് ബുക്കിലെ അദ്ദേഹത്തിന്റെ പോസ്റ്റിലെ കമന്റുകളിൽ പ്രകടിപ്പിച്ചു. പ്രവർത്തകരുടെ ഹിറോ താങ്കൾ തന്നെയാണ്. പിജെ ജനഹൃദയങ്ങളിൽ ജീവിക്കും എന്നിങ്ങനെയാണ് കമന്റുകൾ. പി.ജയരാജനെ തഴഞ്ഞതിനാൽ എംവി ജയരാജനെയും സെക്രട്ടറിയേറ്റിലേക്ക് പരിഗണിച്ചില്ല. 

കോഴിക്കോട് നിന്നുള്ള പ്രമുഖ നേതാവ് എ.പ്രദീപ് കുമാറിനെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താതും മുൻ കുറ്റ്യാടി എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററുടെ ഭാര്യയുമായ കെ.കെ.ലതികയെ സംസ്ഥാന കമ്മറ്റിയിൽ ഉൾപ്പെടുത്തിയതും വടക്കൻ കേരളത്തിലെ പാ‍ർട്ടി അണികൾക്കിടയിൽ ചർച്ചാവിഷയമായി. വയനാട്ടിൽ നിന്നുള്ള പി.കൃഷ്ണപ്രസാദ് ദേശീയ തലത്തിൽ ശ്രദ്ധേയമായ സമരങ്ങൾ നയിച്ചുവെങ്കിലും സംസ്ഥാനകമ്മറ്റിയിലേക്ക് പരിഗണിക്കപ്പെട്ടില്ല. 

തലശ്ശേരി എംഎൽഎ എ.എൻ.ഷംസീർ, മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എന്നിവരുടെ പേരുകളും സെക്രട്ടേറിയറ്റ് അംഗത്വത്തിലേക്കായി ചർച്ചകളിലുണ്ടായിരുന്നുവെങ്കിലും അവരിലൊരാളും ഇടം നേടിയില്ല. അതേസമയം തിരുവനന്തപുരത്ത് കടകംപള്ളിയേയും എം.വിജയകുമാറിനേയും മറികടന്ന് ആനാവൂർ നാഗപ്പൻ സെക്രട്ടേറിയറ്റിലേക്ക് എത്തി. ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കെകെ.ജയചന്ദ്രനും നിർണായക പാർട്ടി ഘടകത്തിലേക്ക് പ്രവേശനം ലഭിച്ചു. പി.കെ.ബിജുവിലൂടെ സെക്രട്ടേറിയറ്റിൽ ദളിത് പ്രാതിനിധ്യം കൂടി ഉറപ്പാക്കാൻ നേതൃത്വത്തിനായി. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും നിലവിൽ കണ്ണൂ‍ർ ജില്ലാ സെക്രട്ടറിയുമായ എംവി ജയരാജൻ പരി​ഗണിക്കപ്പെട്ടില്ലെങ്കിലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ്റെ പേര് പട്ടികയിലെത്തിയതും കൗതുകം സൃഷ്ടിക്കുന്നു. 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗങ്ങൾ - 
1. പിണറായി വിജയൻ
2. കോടിയേരി ബാലകൃഷ്ണൻ
3. ഇ.പി.ജയരാജൻ
4. ടി.എം.തോമസ് ഐസക്
5. പി.കെ.ശ്രീമതി
6. എ.കെ.ബാലൻ
7. ടി.പി.രാമകൃഷ്ണൻ
8. കെ.എൻ.ബാലഗോപാൽ
9. പി.രാജീവ്
10. കെ.കെ.ജയചന്ദ്രൻ
11. ആനാവൂർ നാഗപ്പൻ
13. വി.എൻ.വാസവൻ
14. സജി ചെറിയാൻ
15. എം.സ്വരാജ്
16. മുഹമ്മദ് റിയാസ്
17. പി.കെ.ബിജു
18. പുത്തലത്ത് ദിനേശൻ