Asianet News MalayalamAsianet News Malayalam

ഡിസിസി പട്ടിക: പാലക്കാട് 'സസ്പെൻസ്', പ്രതിസന്ധി മുതലാക്കാൻ സിപിഎം

തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിവിടുമെന്ന സമ്മര്‍ദ്ദ തന്ത്രം പയറ്റിയ എവി ഗോപിനാഥിനെ തഴഞ്ഞ് എ തങ്കപ്പനെ പാലക്കാട് ഡിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചതിന്‍റെ അമര്‍ഷമാണ് ഗോപിനാഥ് ക്യാമ്പിൽ പുകയുന്നത്

CPIM tries to bring AV Gopinath out of congress in Palakkad
Author
Palakkad, First Published Aug 30, 2021, 6:47 AM IST

പാലക്കാട്: ഡിസിസി അധ്യക്ഷനെ തീരുമാനിച്ചതിന് പിന്നാലെ പാലക്കാട്ടെ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി മുതലാക്കാന്‍ സിപിഎം നീക്കം തുടങ്ങി. എവി ഗോപിനാഥ് പാര്‍ട്ടിവിട്ടാല്‍ സ്വീകരിക്കാനുള്ള ചര്‍ച്ചകള്‍ എകെ ബാലന്‍റെ നേതൃത്വത്തില്‍ തുടങ്ങിയതായാണ് സൂചന. കോണ്‍ഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ട് കുറിശ്ശിയിലെ 11 അംഗങ്ങള്‍ ഗോപിനാഥിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിലെ പൊട്ടിത്തെറി പാലക്കാട്ടുനിന്ന് തുടങ്ങുമെന്നായിരുന്നു ഇന്നലെ എകെ ബാലന്‍റെ പ്രതികരണം.

തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിവിടുമെന്ന സമ്മര്‍ദ്ദ തന്ത്രം പയറ്റിയ എവി ഗോപിനാഥിനെ തഴഞ്ഞ് എ തങ്കപ്പനെ പാലക്കാട് ഡിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചതിന്‍റെ അമര്‍ഷമാണ് ഗോപിനാഥ് ക്യാമ്പിൽ പുകയുന്നത്. ഇത് മുതലാക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടക്കാതെ പോയ നീക്കം എകെ ബാലന്‍റെ നേതൃത്വത്തില്‍ വീണ്ടും പുനരാരംഭിച്ചു. 

കോണ്‍ഗ്രസിന്‍റെ പതനം പാലക്കാട് നിന്നാരംഭിക്കുമെന്ന് ഇന്നലെ എകെ ബാലന്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. ഗോപിനാഥിനൊപ്പമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ പതിനൊന്ന്  അംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.. ഇവര്‍ കൂടി പുറത്തെത്തുന്നതോടെ കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിക്കാമെന്നും സിപിഎം കണക്കുകൂട്ടുന്നു.

പാര്‍ട്ടി പരസ്യ പ്രതികരണം വിലക്കിയെങ്കിലും ഇന്ന് രാവിലെ 11ന് മാധ്യമങ്ങളെ കണ്ട് തുടര്‍ നിലപാട് പ്രഖ്യാപിക്കാനാണ് ഗോപിനാഥ് ഒരുങ്ങുന്നത്. തനിക്കൊപ്പം നില്‍ക്കുന്ന ജില്ലയിലെ മുതിര്‍ന്ന നേതാക്കളുമായി രാത്രി വൈകി ഗോപിനാഥ് കൂടിക്കാഴ്ച നടത്തി. ജില്ലയിലെ വലിയ വിഭാഗം നേതാക്കളുടെ പിന്തുണയില്ലാതെ കടുത്ത തീരുമാനത്തിലേക്ക് പോകുന്നത് സുരക്ഷിതമല്ലെന്ന് ഗോപിനാഥിനറിയാം. കെപിസിസി ജനറല്‍ സെക്രട്ടറിയാവുന്നതിനുള്ള സമ്മര്‍ദ്ദ തന്ത്രമാണ് ഗോപിനാഥ് ക്യാമ്പ് പയറ്റുന്നതെന്നായിരുന്നു മറുചേരിയുടെ വാദം. എന്തായാലും ഇന്ന് ഗോപിനാഥ് നിലപാട് പറയും വരെ പാലക്കാട്ടെ സസ്പന്‍സ് തുടരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios