ഭരണകൂടം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് പരാതി നല്‍കിയ ശേഷം രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു. ഈ അസഹിഷ്ണുത അംഗീകരിക്കാൻ കഴിയില്ല. നിയമപോരാട്ടത്തിന് തന്നെയാണ് തീരുമാനമെന്നും എംപി കൂട്ടിച്ചേര്‍ത്തു. 

തിരുവനന്തപുരം: തനിക്ക് നേരെ ഭീഷണിയുണ്ടായ സംഭവത്തിൽ ഗവര്‍ണര്‍ക്ക് പരാതി നല്‍കി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. യുഡിഎഫ് എംപിമാരോടൊപ്പം രാജ്ഭവനിൽ നേരിട്ടെത്തിയാണ് രമ്യ പരാതി നല്‍കിയത്. ഭരണകൂടം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് പരാതി നല്‍കിയ ശേഷം രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഈ അസഹിഷ്ണുത അംഗീകരിക്കാൻ കഴിയില്ല. നിയമപോരാട്ടത്തിന് തന്നെയാണ് തീരുമാനമെന്നും എംപി കൂട്ടിച്ചേര്‍ത്തു. വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനേയും പരാതിയുമായി സമീപിക്കുമെന്നും രമ്യ ഹരിദാസ് വ്യക്തമാക്കിയിരുന്നു. ആലത്തൂരിൽ വച്ച് നേരത്തേയും തനിക്കെതിരെ സിപിഎം പ്രവർത്തകരുടെ അക്രമമുണ്ടായിട്ടുണ്ടെന്നും ഈ വിഷയത്തിലും പൊലീസിൽ നിന്ന് നീതി കിട്ടിയിട്ടില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു.

അതേസമയം പാലക്കാട് ആലത്തൂരിൽ രമ്യാ ഹരിദാസ് എംപിയെ സിപിഎം നേതാക്കൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏഴ് പേർക്കെതിരെ ആണ് പരാതി ഉയര്‍ന്നിട്ടുള്ളത്. രമ്യ ഹരിദാസിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

എന്നാൽ എംപിക്ക് ഒപ്പം ഉണ്ടായിരുന്ന കോൺഗ്രസ് നേതാവ് പാളയം പ്രദീപ് ഭീഷണിപ്പെടുത്തി എന്ന് കാണിച്ച് സിപിഎം നേതാക്കളും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പ്രദീപിനെതിരെ ആലത്തൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹരിത കർമ്മ സേനയുടെയും, പഞ്ചായത്ത് അംഗത്തിന്‍റെയും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona