തിരുവനന്തപുരം: സിഎജിക്കെതിരെ സിപിഎം സമരത്തിന് ഒരുങ്ങുന്നു. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സിപിഎം സമരം ശക്തമാക്കുമ്പോളാണ് ഭരണഘടനാ സ്ഥാപനമായ സിഎജിക്കെതിരെയും രാഷ്ട്രീയമായി തന്നെ നീങ്ങാന്‍ സിപിഎം തീരുമാനിക്കുന്നത്. ഇന്നുചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സിഎജിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിപിഎം തീരുമാനമെടുത്തത്. 

ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ സമരപാതയിലേക്ക് നീങ്ങിയ സർക്കാരും സിപിഎമ്മും സിഎജി രാഷ്ട്രീയം കളിക്കുന്നുവെന്ന് ആവർത്തിച്ചാണ് കിഎഫ്ബി വിവാദത്തിൽ പ്രതിരോധം തീർക്കുന്നത്. സിഎജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ട് കിഫ്ബി ഓഡിറ്റിൽ സിഎജിക്കെതിരെ ധനമന്ത്രി തോമസ് ഐസക് ആഞ്ഞടിച്ചുകൊണ്ട് രംഗത്തെത്തിയതോടെ ആയിരുന്നു വിവാദത്തുടക്കം.

സർക്കാരിന് നൽകിയ റിപ്പോർട്ട് നിയമസഭയിലെത്തുന്നതിന് മുന്പ് പുറത്ത് വിട്ടാണ് ധനമന്ത്രി സിഎജിയെ പ്രതിക്കൂട്ടിൽ നിർത്തിയത്. കിഫ്ബി വായ്പ ഭരണഘടനാവിരുദ്ധമെന്ന  സിഎജി കണ്ടെത്തൽ അട്ടിമറിയാണെന്നും, ബിജെപിയും  കോൺഗ്രസും ഇതിനായി ഗൂഢാലോചന നടത്തിയെന്നും തോമസ് ഐസക് ആരോപിച്ചു.