Asianet News MalayalamAsianet News Malayalam

ട്വന്‍റി ട്വന്‍റി സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് അഴിമതിയെന്നാരോപണം; ട്വന്‍റി ട്വന്‍റിയും സിപിഎമ്മും തമ്മിൽ തർക്കം

തദ്ദേശഭരണ വകുപ്പിനെയോ കെഎസ്ഇബിയെയോ അറിയിക്കാതെ ഓഡിറ്റ് ഇല്ലാത്ത അക്കൗണ്ടിലേക്ക് സംഭാവന വാങ്ങി പദ്ധതി നടപ്പാക്കുന്നത് അഴിമതിയെന്നാണ് സിപിഎം ആരോപണം

cpm alleged corruption in 20-20s street light challenge
Author
Kochi, First Published Jan 29, 2022, 9:09 AM IST

കൊച്ചി: കൊച്ചി: കിഴക്കമ്പലത്ത് ട്വന്‍റി ട്വന്‍റിയും (kizhakkambalam 20 20) സിപിഎമ്മും (cpm) തമ്മിൽ വീണ്ടും തർക്കം. വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനായി ട്വന്‍റി ട്വന്‍റി നടത്തുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് (street light challenge) അഴിമതിയെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. പദ്ധതി സുതാര്യമാണെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും ട്വന്‍റി ട്വന്‍റി പ്രതികരിച്ചു.

എറണാകുളത്തെ കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ, വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി തൂണുകളിലും ട്വന്‍റി ട്വന്‍റി വഴിവിളക്കുകൾ സ്ഥാപിക്കുകയാണ്. നല്ല പ്രകാശമുള്ള ലൈറ്റുകൾ മൂന്ന് വർഷത്തെ വാറന്‍റിയോട് കൂടി തുരുമ്പ് പിടിക്കാത്ത സ്റ്റാൻഡുകളിലാണ് സ്ഥാപിക്കുന്നത്. ഒരോന്നിനും ചെലവ് 2,500 രൂപ. ഈ തുക സംഭാവനയായി വാങ്ങിയാണ് സ്ട്രീറ്റ് ലൈറ്റ് ചലഞ്ച്. ട്വന്‍റി ട്വന്‍റി കിഴക്കമ്പലം അസോസിയേഷന്‍റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കേണ്ടത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഇതിനായി പ്രചാരണം നടക്കുന്നു. തദ്ദേശഭരണ വകുപ്പിനെയോ കെഎസ്ഇബിയെയോ അറിയിക്കാതെ ഓഡിറ്റ് ഇല്ലാത്ത അക്കൗണ്ടിലേക്ക് സംഭാവന വാങ്ങി പദ്ധതി നടപ്പാക്കുന്നത് അഴിമതിയെന്നാണ് സിപിഎം ആരോപണം.

അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പൊലീസിനും കെഎസ്ഇബിയ്ക്കും പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമെന്ന നിലപാടിലാണ് ട്വന്‍റി ‍ട്വന്‍റി. ഇതിന് മുമ്പും വിവിധ ചലഞ്ചുകൾ വിജയകരമായി നടത്തിയിട്ടുണ്ട്. ഓഡിറ്റ് നടക്കുന്ന അക്കൗണ്ടിലൂടെ മാത്രമാണ് പണം വാങ്ങുന്നത്. മാത്രമല്ല ഓരോ ദിവസത്തെയും സംഭാവനകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ട്വന്‍റി ‍ട്വന്‍റി അറിയിച്ചു.

Follow Us:
Download App:
  • android
  • ios