മുന്നണി കെട്ടുറപ്പിനെ ബാധിക്കാത്ത വിധം പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദം അവസാനിപ്പിക്കാൻ സിപിഎമ്മും സിപിഐയും തീരുമാനിച്ചു. പദവി തന്നെ വേണ്ടെന്നുവെക്കാനുള്ള ഫോർമുലയാണ് ദേശീയ നേതൃത്വം മുന്നോട്ട് വെക്കുന്നത്.

തിരുവനന്തപുരം: മുന്നണി കെട്ടുറപ്പിനെ ബാധിക്കാത്ത വിധം പ്രതിപക്ഷ ഉപനേതാവ് പദവി വിവാദം പൂട്ടിക്കെട്ടാൻ സിപിഎമ്മും സിപിഐയും. പദവി തന്നെ വേണ്ടെന്ന് വയ്ക്കാനുള്ള ഫോർമുലയാണ് ദേശീയ നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്. തുടർ തീരുമാനങ്ങളിൽ സംസ്ഥാന നേതൃത്വങ്ങൾ വ്യക്തത വരുത്തും. തർക്കം തുടരുന്നത് ഗുണം ചെയ്യില്ലെന്ന് സിപിഎം ദേശീയ നേതൃത്വം വിലയിരുത്തി. മുന്നണി ബന്ധം ഉലയ്ക്കുന്ന ഒന്നിനുമില്ലെന്ന നിലപാടിലേക്ക് സിപിഐയും എത്തി. ഇങനെ പോയാൽ പറ്റില്ല ഇനിയെന്ത് നടപടി എന്ന ആലോചനയാണ് പദവിയേ വേണ്ടെന്ന ധാരണയിലേക്ക് കാര്യങ്ങളെത്തിച്ചത്.

സിപിഐ-സിപിഎം ദേശീയ നേതാക്കൾ തമ്മിലെ അനൗദ്യോഗിക ആശയവിനിമത്തിലാണ് പ്രതിപക്ഷ ഉപനേതാവ് വിവാദത്തിൽ ഫോർമുല ഉരുത്തിയിരുന്നത്. ഇനി പ്രശ്നം പദവിയെ ചൊല്ലി ഇരു പാർട്ടികളിലേയും നേതാക്കളെടുത്ത പരസ്യ നിലപാടുകളാണ്. പദവി വേണമെന്ന് സിപിഐയും പറ്റില്ലെന്ന് തീർത്ത് പറഞ്ഞ പ്രതിപക്ഷ നേതാവ് പിണറായി വിജയനും ആണ് തുടർ തീരുമാനങ്ങൾക്ക് മുൻകൈ എടുക്കേണ്ടത്. ഇടത് മുന്നണി ഘടകക്ഷികൾ വരെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ ഘട്ടത്തിൽ വല്ലാത്ത കടുംപിടുത്തം ഉണ്ടാകാനിടയില്ലെന്നാണ് റിപ്പോർട്ടുകൾ.