തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. എൽഡിഎഫ് ജാഥയും സീറ്റ് വിഭജനവുമാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. എൽ‍ഡിഎഫിലെ പുതിയ പാർട്ടികളുടെ കടന്ന് വരവിൽ ഘടകകക്ഷികളുമായി എത്ര സീറ്റുകൾ വച്ചു മാറണമെന്നതിൽ പാർട്ടി നേതൃത്വം ആലോചന നടത്തും. സംസ്ഥാന നേതാക്കൾ ആരൊക്കെ മത്സരിക്കണമെന്നതിലും ചർച്ചകൾ തുടങ്ങുകയാണ്. ശബരിമല,പിൻവാതിൽ നിയമനങ്ങൾ, ഉദ്യോഗാർത്ഥികളുടെ സമരം എന്നീ വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടും ചർച്ചയാകും.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സിപിഐ നേതൃയോഗങ്ങൾക്കും ഇന്ന് തുടക്കമാകും. ഇന്ന് ചേരുന്ന സംസ്ഥാന എക്സിക്യുട്ടീവിൽ എൽഡിഎഫ് ജാഥയും മുന്നണിക്കുളളിലെ സീറ്റ് വിഭജനത്തിൽ കൈ കൊള്ളേണ്ട നിലപാടുകളുമാണ് പ്രധാന ചർച്ച. നാളെയും മറ്റന്നാളും ശനിയാഴ്ചയുമായി മൂന്ന് ദിവസമെടുത്ത് സംസ്ഥാന കൗൺസിലും യോഗം ചേരും.