കോഴിക്കോട്: സിപിഎം ബ്രാഞ്ച് അംഗമായ വനിതാ പ്രവര്‍ത്തകയ്ക്ക് വാട്സാപ്പില്‍ അശ്ശീല വീഡിയോകള്‍ അയച്ച മുതിര്‍ന്ന സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് പയ്യോളി സിപിഎം ഏര്യാകമറ്റി അംഗമായ സി സുരേഷ് ബാബുവിനെയാണ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. വീട്ടമ്മയായ പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് വാട്സാപ്പില്‍ നിരന്തരം അശ്ലീല വീഡിയോകളും ചിത്രങ്ങളും ഇയാള്‍ അയക്കുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് വനിതാ പ്രവര്‍ത്തക ഏരിയാ കമ്മറ്റി അംഗത്തിനെതിരെ പരാതി നല്‍കുന്നത്. അശ്ലീല വീഡിയോകള്‍ കിട്ടിയ അന്ന് തന്നെ സിപിഎം ബ്രാഞ്ച് അംഗമായ വീട്ടമ്മ സുരേഷിനെ വിലക്കിയിരുന്നു. എന്നാല്‍ സുരേഷ് വീണ്ടും വീഡിയോകള്‍ അയച്ചു. ഇതോടെ വീട്ടമ്മ ഏരിയാ കമ്മിറ്റിക്ക് പരാതി നല്‍കി. എന്നാല്‍ സുരേഷ് ഏര്യാകമ്മിറ്റിക്ക് മുന്നില്‍ ആരോപണം നിഷേധിച്ചു. തുടര്‍ന്ന് ഏര്യാകമ്മിറ്റി വനിത ഉള്‍പ്പെടെ മൂന്നംഗ കമ്മീഷനെ അന്വേഷണത്തിനായി നിയോഗിച്ചു.

പയ്യോളി ലോക്കല്‍ സെക്രട്ടറി പിവി രാമചന്ദ്രന്‍, ഏര്യാ കമ്മിറ്റി അംഗം ടി ഷീബ, എസ് കെ അനൂപ് എന്നിവരടങ്ങിയ കമ്മീഷന്‍ അന്വേഷിച്ച് ആരോപണം സത്യമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സി സുരേഷ് ബാബുവിനെതിരെ നടപടിയെടുക്കാന്‍ ഏര്യാ കമ്മിറ്റി തീരുമാനിച്ചു. ഏര്യാ കമ്മിറ്റിയുടെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചതോടെ സുരേഷിനെ സസ്പെന്‍ഡ് ചെയ്തു.

സിപിഎമ്മിന്‍റെ മുതിര്‍ന്ന പാര്‍ട്ടി അംഗമാണ് സി സുരേഷ് ബാബു. കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗവും ബാങ്ക് ഡയറ്കടറുമാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെതിരെ ഉയര്‍ന്ന ആരോപണം സിപിഎമ്മിന് ഏറെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.