Asianet News MalayalamAsianet News Malayalam

ലാവലിൻ കേസ് പരിഗണിക്കുമ്പോൾ സിബിഐ അഭിഭാഷകന് പനി വരും, ഇടനിലക്കാർ വഴി ബിജെപി സിപിഎം ധാരണയുണ്ട്-വിഡി സതീശൻ

രാവിലെ സിപിഎം ബി ജെ പി വിരോധം പരസ്പരം പ്രകടിപ്പിക്കും . രാത്രിയിൽ ഒത്തുകൂടുമെന്നും വി ഡി സതീശൻ പറഞ്ഞു

CPM BJP mutual understanding in lavlin case says VD Satheesan
Author
First Published Aug 25, 2022, 12:34 PM IST

കൊച്ചി : ലാവലിൻ കേസ് പരിഗണിക്കാനെടുക്കുമ്പോൾ സി ബി ഐ അഭിഭാഷകൻ ഹാജരാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കേസ് പരിഗണിക്കുന്ന ദിവസം സിബിഐ വക്കീലിന് പനി വരുമെന്നും വി.ഡി.സതീശൻ പരിഹസിച്ചു. അതിനുള്ള കാര്യങ്ങളിലൊക്കെ സി പി എമ്മും ബി ജെ പിയും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. ഇതിനായി ഇടനിലക്കാരുണ്ടെന്നും  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. 

രാവിലെ സിപിഎം ബി ജെ പി വിരോധം പരസ്പരം പ്രകടിപ്പിക്കും . രാത്രിയിൽ ഒത്തുകൂടും . ഇതാണ് ഇവിടെ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ  കോളിളക്കം സൃഷ്ടിച്ച എസ് എന്‍ സി ലാവലിന്‍ കേസ് സുപ്രീംകോടതി സെപ്റ്റംബര്‍ 13 ന് പരിഗണിക്കും. കേസ് ലിസ്ററില്‍ നിന്ന് മാറ്റരുതെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട് .ജസ്റ്റീസ് യു യു ലളിത് അദ്ധ്യക്ഷനായ ബഞ്ചിന്‍റേതാണ് നിര്‍ദേശം.  പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിക്കുന്നത്. കേസ് നിരന്തരം മാറ്റിവക്കുന്നുവെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ദേശം.

സർക്കാർ ഗവർണർ പോരിൽ വി ഡി സതീശൻ

സർക്കാരിനും ഗവർണർക്കും എതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോൾ നടക്കുന്നത് എല്ലാം സർക്കാരും ഗവർണറും തമ്മിലുളള ഒത്തുകളിയാണ്. ആദ്യം എതിർക്കുകയും പിന്നീട് ഒരുമിച്ചാവുകയും ചെയ്യുന്നതാണ് ഗവർണറുടെ രീതി. ഗവർണർ സംഘപരിവാർ ഏജന്‍റാണ്. സംഘപരിവാർ അജണ്ട തന്നെയാണ് പിണറായി വിജയൻ സർക്കാരും ഇവിടെ നടപ്പാക്കുന്നത്. പിണറായി വിജയൻ സർക്കാർ നിയമിച്ച കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ സംഘപരിവാർ അജണ്ട സിലബസിൽ ഉൾപ്പെടുത്തിയ ആളാണ്. ഗാന്ധിജിയേയും നെഹ്രുവിനേയും ഒഴിവാക്കി ദീനദയാൽ ഉപാധ്യായ,വിഡി സവർക്കർ,ഗോൾവാൾക്കർ എന്നിവരെ കുറിച്ച് പഠിപ്പിക്കാൻ തീരുമാനിച്ച ആളാണ് കണ്ണൂർ വിസി . ദേശാഭിമാനിയിൽ കോടിയേരി ബാലകൃഷ്ണൻ ലേഖനം  എഴുതിയിട്ട് മാത്രം കാര്യമില്ലെന്നും വി ഡി സതീശൻ പരിഹസിച്ചു. 

എന്ത് പറഞ്ഞാലും അനുസരിക്കുന്ന പാവകളെ വൈസ് ചാൻസലർമാരാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരള സർവകലാശാലയുടെ കാര്യത്തിൽ ഗവർണർ ഇപ്പോൾ ചെയ്ത നടപടി നിയമ വിധേയമാണ്. പക്ഷേ ഇവിടെ സർക്കാർ ശ്രമിക്കുന്നത് അത് നിയമ വിരുദ്ധമാക്കാനുള്ള നിയമ നിർമാണത്തിനാണ്. സർവകലാശാലയിലെ അധ്യാപകനിയമനം അട്ടിമറിക്കാനാണ് സർക്കാർ പുതിയ ബില്ല് കൊണ്ടുവന്നത്. പ്രതിപക്ഷത്തിന്‍റെ നിലപാട് പ്രശ്നാധിഷ്ഠിതമാണെന്നും സർക്കാരോ ഗവർണറോ ആര് തെറ്റ് ചെയ്താലും അത് ചോദ്യം ചെയ്യുമെന്നും വി ഡി സതീശൻ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios