'കേരളത്തിലെ നല്ലൊരു പങ്ക് ആളുകൾക്ക് സാമ്പത്തിക സഹായമൊന്നും വേണ്ട. അവർ പ്രതീക്ഷിക്കുന്നത് സൗഹാർദ്ദവും നല്ല പെരുമാറ്റവും ചിരിയുമൊക്കെയാണ്. അതെല്ലാം കുറച്ച് കുറഞ്ഞോയെന്ന് സംശയമുണ്ട്'-തോമസ് ഐസക് എഫ്ബിയിൽ കുറിച്ചു.

മലപ്പുറം: തെരഞ്ഞെടുപ്പ് പരാജയത്തിൽ അണികൾക്കിടയിൽ നിന്നും കടുത്ത വമിർശനം ഉയർന്നതിന് പിന്നാവെ സ്വയംവിമർശനും നടത്തുകയാണ് സിപിഎം. പാർട്ടിക്ക് പറ്റിയ പിഴവുകൾ തിരിച്ചറിയാൻ ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ മെയിലും വാട്സ്ആപ്പ് നമ്പറും ഒക്കെ സിപിഎം കൊണ്ടു വന്നിരുന്നു. ഇപ്പോഴിതാ സിപിഎം കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക്കും പാർട്ടിയുടെ വീഴ്ചയിൽ സ്വയം വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. പാർട്ടി ഏര്യാ കമ്മിറ്റി അംഗവും പരപ്പനങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വിനയൻ മാഷ് പരാജയത്തെപ്പറ്റി നടത്തിയ വിലയിരുത്തൽ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് തോമസ് ഐസക്കിന്‍റെ കുത്ത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'കേരളത്തിലെ നല്ലൊരു പങ്ക് ആളുകൾക്ക് സാമ്പത്തിക സഹായമൊന്നും വേണ്ട. അവർ പ്രതീക്ഷിക്കുന്നത് സൗഹാർദ്ദവും നല്ല പെരുമാറ്റവും ചിരിയുമൊക്കെയാണ്. അതെല്ലാം കുറച്ച് കുറഞ്ഞോയെന്ന് സംശയമുണ്ട്'- എന്ന് കൂടിക്കാഴ്ചയിൽ സിപിഎം നേതാവായ വിനയൻ പറഞ്ഞതായാണ് തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചത്. “ഇവിടെയൊക്കെ ബിജെപിക്കാർക്കും സ്വാധീനമുണ്ട്. അവർ രണ്ടുപേരും ഒരുമിച്ചാൽ നമുക്ക് വിജയിക്കാനാകില്ല”. കുറച്ചുകൂടി സ്വരം താഴ്ത്തി മാഷ് പറഞ്ഞു. “പിന്നെ, കേരളത്തിലെ നല്ലൊരു പങ്ക് ആളുകൾക്ക് സാമ്പത്തിക സഹായമൊന്നും വേണ്ട. അവർ പ്രതീക്ഷിക്കുന്നത് സൗഹാർദ്ദവും നല്ല പെരുമാറ്റവും ചിരിയുമൊക്കെയാണ്. അതെല്ലാം കുറച്ച് കുറഞ്ഞോയെന്ന് സംശയമുണ്ട്” എന്നാണ് കുറിപ്പിൽ പറയുന്ന്,.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം

വിനയൻ മാഷ് പരപ്പനങ്ങാടി എസ്എൻഎം സ്കൂളിലെ അധ്യാപകനാണ്. പാർടി ലോക്കൽ സെക്രട്ടറി ആയിരുന്നു. ഇപ്പോൾ ഏര്യാ കമ്മിറ്റി അംഗമാണ്. ഇഎംഎസ് സ്മൃതി കഴിഞ്ഞ് ട്രെയിൻ കയറാൻ പരപ്പനങ്ങാടിയിൽ വന്നതാണ്. മാഷിനോടൊപ്പം മൂന്ന് മണിക്കൂർ ഒരു ഓട്ടപ്രദക്ഷിണം. സ്കൂളിലെ കഥ പിന്നെ പറയാം. സ്കൂളിൽ നിന്ന് ആദ്യം പോയത് “നാട്ടുപച്ച”യിലേക്കാണ്. പ്രദേശത്തെ ഏത് കൃഷിക്കാരനും ഏത് പച്ചക്കറിയും പഴങ്ങളും ഇവിടെ എത്തിച്ചാൽ മാർക്കറ്റ് വിലയ്ക്കു വാങ്ങും. കാശ് റൊക്കം നൽകും. വരുന്ന മുറയ്ക്ക് വാട്സാപ്പ് ഗ്രൂപ്പിലുള്ള 600 കുടുംബങ്ങളിലേക്ക് സന്ദേശം പോകും. ബുക്ക് ചെയ്താൽ എടുത്തു മാറ്റിവയ്ക്കും. മിച്ചമൊന്നും വരാറില്ല. പിന്നെ തീരദേശത്തുള്ള അംബേദ്ക്കർ വായനശാലയിലേക്കാണ് പോയത്. ഒരു കുട്ടിപ്പട്ടാളം ലൈബ്രറിയിൽ ഉണ്ടായിരുന്നു. അവരിൽ മൂന്ന് കില്ലാഡികൾ ഇപ്പോൾ വളരെ പ്രസിദ്ധരാണ്.

മാഷിന്റെ തെരഞ്ഞെടുപ്പിന് വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്താൻ അവരും ഇറങ്ങി. അരിവാൾ ചുറ്റികയിൽ കുത്തിയാൽ മൂവരുംകൂടി വോട്ടിംഗ് മെഷീന്റെ സ്വരം അനുകരിക്കും – “ണിം”. ഇത് വീഡിയോയാക്കി. 24 ലക്ഷം പേർ കണ്ടു. എന്തായാലും ബ്ലോക്കിലേക്ക് വിനയൻ മാഷ് മാത്രാണ് ഇടതുപക്ഷത്തു നിന്ന് വിജയിച്ചത്. പിന്നെ, മാഷിന്റെ വീട്ടിലേക്ക്. വീടിനെ ചുറ്റി ചെടികളും പടർപ്പുകളും. ധൃതിയിൽ ഒരു ലഘുഭക്ഷണം. അരി കുറച്ച് മറ്റ് നാല് ധാന്യങ്ങൾ അളവിൽകൂട്ടി പ്രത്യേക ദോശ. അടുക്കളയിൽ പാചകം അത്യപൂർവ്വമാണ്. നാല് വർഷമായി പൊതു അടുക്കളയിൽ നിന്നാണ് ഭക്ഷണം. 20 കുടുംബങ്ങൾ കൂട്ടായുണ്ട്. അഞ്ച് വർഷം മുമ്പ് ഞാൻ എഴുതിയ പൊന്നാനി പൊതു അടുക്കള ലേഖനം വായിച്ചിട്ടുണ്ടത്രേ.

പിന്നെയുമുണ്ട് കൂട്ടായ്മകൾ പലത്. “പാരസ്പര്യം”. ഇപ്പോൾ 103 അംഗങ്ങളുണ്ട്. മാസം 1500 രൂപ വച്ച് ഓരോരുത്തരും നിക്ഷേപം നൽകും. 24 മാസം കഴിഞ്ഞ് നിക്ഷപം വേണമെങ്കിൽ പിൻവലിക്കാം. പലിശ ഇല്ല. ആ തുകകൊണ്ട് അത്യാവശ്യക്കാർക്ക് 5000 രൂപ വീതം സഹായം നൽകും. 15 പേരെ ഒരു വർഷം ശരാശരി സഹായിക്കാറുണ്ട്. വള്ളിക്കുന്ന് പഞ്ചായത്തിലെ പാലിയേറ്റീവ് സംഘടനയ്ക്കും ഇത്തരമൊരു കഥയുണ്ട്. സ്വന്തമായി ആംബുലൻസ്, ഫ്രീസർ, സംസ്കാര സംവിധാങ്ങൾ തുടങ്ങി എല്ലാമുണ്ട്. പണം എവിടെ നിന്ന്? ആക്രി വിൽപ്പന വഴി 10 ലക്ഷം രൂപ. പായസം ചലഞ്ചിലൂടെ 4 ലക്ഷം രൂപ. ഹരിതകർമ്മസേയുടെ ആവിർഭാവത്തിനു മുമ്പ് 3000 വീടുകളിൽ നിന്ന് അജൈവമാലിന്യങ്ങങ്ങളുടെ ശേഖരണം സംവിധാനം ചെയ്തത് വിനയൻ മാഷ് ആയിരുന്നു. വിദ്യാർത്ഥികളുടെ എൻഎസ്എസ് ഇതിൽ വലിയൊരു പങ്കുവഹിച്ചു. ഒരുകാര്യവുംകൂടി തിരിച്ചറിഞ്ഞു. 1995-ൽ മാഷുമായി പരിചയപ്പെട്ടിട്ടുണ്ടത്രേ! ജനകീയാസൂത്രണത്തിൽ ആർപി ആയിരുന്നു. പയ്യൻ ആയിരുന്നെങ്കിലും ജൈവരജിസ്റ്റർ നിർമ്മാണത്തിന്റെ കൺവീനർ ആയിരുന്നു!

തിരിച്ചു കാറിൽ കയറുന്നവേളയിൽ ഷീലാമ്മ ജോൺ ടീച്ചർ ഓടിക്കൊണ്ടുവന്ന് രണ്ട് സഞ്ചിതന്നു. “അരയല്ലൂർ പുത്തരി” ബ്രാൻഡിന്റെ സഞ്ചിയാണ്. പാട്ടത്തിനെടുത്ത് മൂന്ന് ഏക്കർ കൃഷി ചെയ്യുന്നുണ്ട്. അരി എല്ലാം തീർന്നുപോയി. അതുകൊണ്ട് സഞ്ചി മാത്രമേ സുവനീറിനായി നൽകാനുള്ളൂ. റിട്ടയർ ചെയ്ത ഷീലാമ്മ ടീച്ചർ ലൈബ്രറിയിൽ നിന്നും കൂടെ ചേർന്നതാണ്. ആളൊരു സംഭവമാണ്. കുടിയേറ്റക്കാരിയാണ്. കമ്മ്യൂണിസ്റ്റുകൾ ആയതുകൊണ്ട് മരിച്ച ഭർത്താവിനെ സെമിത്തേരിയിൽ അടക്കാൻ പറ്റില്ലായെന്ന് പള്ളിക്കാർ. ടീച്ചർക്ക് ഒരു കുലുക്കവുമുണ്ടായില്ല. അങ്ങനെ റെയിൽവേ സ്റ്റേഷനിലെത്തി. വണ്ടി വരുംമുമ്പ് മാഷിനോട് ഞാൻ പതുക്കെ ചോദിച്ചു- ഇത്രയുമൊക്കെ ചെയ്തിട്ടും മാഷ് മാത്രമല്ലേ വിജയിച്ചുള്ളൂ? “ഇവിടെയൊക്കെ ബിജെപിക്കാർക്കും സ്വാധീനമുണ്ട്. അവർ രണ്ടുപേരും ഒരുമിച്ചാൽ നമുക്ക് വിജയിക്കാനാകില്ല”. കുറച്ചുകൂടി സ്വരം താഴ്ത്തി മാഷ് പറഞ്ഞു. “പിന്നെ, കേരളത്തിലെ നല്ലൊരു പങ്ക് ആളുകൾക്ക് സാമ്പത്തിക സഹായമൊന്നും വേണ്ട. അവർ പ്രതീക്ഷിക്കുന്നത് സൗഹാർദ്ദവും നല്ല പെരുമാറ്റവും ചിരിയുമൊക്കെയാണ്. അതെല്ലാം കുറച്ച് കുറഞ്ഞോയെന്ന് സംശയമുണ്ട്”.