മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനും എതിരായ അപവാദ പ്രചരണങ്ങളിൽ നടപടി ആവശ്യപ്പെട്ടാണ് പരാതി. തളിപ്പറമ്പ് എസ്എച്ച്ഒയ്ക്കാണ് പരാതി നൽകിയത്.
കൊച്ചി: മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായ ആരോപണത്തിന് പിന്നാലെ സ്വപ്ന സുരേഷിനെതിരെ കേസുമായി സിപിഎം. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കാട്ടി കണ്ണൂരിൽ സിപിഎം ഏരിയാ സെക്രട്ടറി പൊലീസിൽ പരാതി നൽകി. സംസ്ഥാനത്ത് ഉടനീളം സ്വപ്നയ്ക്കെതിരെ പരാതി നൽകി ആരോപണത്തെ പ്രതിരോധിക്കാനാണ് സിപിഎം നീക്കം.
ബംഗളൂരുവിൽ നിന്നാണ് സ്വപ്ന സുരേഷ് തുടർച്ചായി സിപിഎം നേതൃത്വത്തെയും മുഖ്യമന്ത്രിയെയും വെല്ലുവിളിക്കുന്നത്. കുടുംബത്തിനെതിരെയടക്കം ഗുരുതര ആരോപണം ഉയർത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. ഇതിനിടയിലാണ് സിപിഎം നേരിട്ട് കേസുമായി മുന്നോട്ട് പോകുന്നത്. പരാതി പിൻവലിക്കാൻ വിജേഷ് പിള്ള വഴി എം വി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നാണ് തളിപ്പറമ്പ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വിജേഷ് പിള്ളയുമായുള്ള വീഡിയോയിൽ സംഭാഷണം ഇല്ലാതിരുന്നത് ദുരൂഹമാണെന്നും പരാതിയിലുണ്ട്. ഈ സാഹചര്യത്തിൽ ഇരുവരെയും പ്രതിയാക്കി കേസ് എടുക്കണമെന്നാണ് ആവശ്യം. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാൽ മിണ്ടാതിരിക്കാനാകില്ലെന്നും അതുകൊണ്ടാണ് കേസ് കൊടുത്തതെന്നുമാണ് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രതികരണം.
Also Read: സ്വപ്ന സുരേഷ് ബ്ലാക്ക് മെയിൽ ചെയ്തെന്ന് പരാതി; വിജേഷ് പിള്ളയുടെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്
സംസ്ഥാനത്തിന് പുറത്ത് രാഷ്ട്രീയ സംരക്ഷണം ഉറപ്പാക്കിയാണ് സ്വപ്ന സുരേഷ് തുടർച്ചയായി വെല്ലുവിളി നടത്തുന്നതെന്നാണ് സിപിഎം വിലയിരുത്തിൽ. ഈ സംസ്ഥാനത്തുടനീളം പരാതികൾ നൽകി സ്വപ്നയെ സമ്മർദ്ദത്തിലാക്കാനാണ് ആലോചന. സ്വർണ്ണക്കടത്തിൽ നേരത്തെ സ്വപ്ന ആരോപണമുയർത്തിയപ്പോൾ കെ ടി ജലീലിനെക്കൊണ്ട് പരാതി നൽകിയച്ചത് സമാന രീതിയിലായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഇടനിലക്കാരനെന്ന നിലയിൽ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷ്, വിജേഷ് പിള്ളയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ സ്വപ്ന ബെംഗളുരുവിലെ കെ ആർ പുര പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. 30 കോടി രൂപ നൽകാമെന്നും കൈയ്യിലുള്ള മുഴുവൻ തെളിവുകളും നശിപ്പിച്ച് കുടുംബത്തോടൊപ്പം നാടുവിടണമെന്നുമാണ് വിജേഷ് തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്ന ആരോപിച്ചത്.
സ്വപ്നയുടെ പരാതിയിൽ വധഭീഷണിക്കേസാണ് വിവിധ വകുപ്പുകൾ ചുമത്തി കെ ആർ പുര പൊലീസ് വിജേഷിനെതിരെ എടുത്തിരിക്കുന്നത്. സംഭവത്തിൽ സ്വപ്ന ബെംഗളുരു പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ നടത്തിയ ആരോപണത്തിൽ അദ്ദേഹം സ്വപ്നയ്ക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. സ്വപ്നയുടെ പരാമർശം അപകീർത്തി ഉണ്ടാക്കിയെന്നും ആരോപണം പിൻവലിച്ച് സ്വപ്ന മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നുമാണ് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടിരിക്കുന്നത്.
