CPIM : തുഷാര്‍ വെള്ളാപ്പള്ളിയും ലതീഷും വിവാഹ ചടങ്ങില്‍; ബാലസംഘം സംസ്ഥാന കോർഡിനേറ്റര്‍ക്കെതിരെ നടപടി
കഞ്ഞിക്കുഴി ഏരിയ സമ്മേളനം നാളെ തുടങ്ങാനിരിക്കെ യുവ നേതാവിന് എതിരെ നടപടി എടുത്തത് വിഭാഗീയതയുടെ ബാക്കിപത്രമാണെന്നാണ് സൂചന.

ചേര്‍ത്തല: പാർട്ടിയിൽ നിന്ന് പുറത്താക്കിയവരെയും തുഷാർ വെള്ളാപ്പള്ളിയെയും(Thushar Vellapally) വിവാഹത്തിന് പങ്കെടുപ്പിച്ചതിന് ബാലസംഘം സംസ്ഥാന കോർഡിനേറ്റർക്കെതിരെ(balasangam state coordinator) സിപിഎം(cpm) നടപടി. ബാലസംഘം സംസ്ഥാന കോർഡിനേറ്റർ മിഥുൻ ഷായെ ഏരിയ സമ്മേളന പ്രതിനിധി സ്ഥാനത്ത് നിന്ന് ഒഴിവാക്കി. തണ്ണീർമുക്കം തെക്ക് ലോക്കൽ കമ്മിറ്റിയുടേതാണ് വിചിത്ര നടപടി.
പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് മിഥുൻ ഫേസ്ബുക്കിൽ കുറിച്ചു. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മിഥുന്‍റെ വിവാഹത്തിനെത്തിയിരുന്നു. തുഷാറിനെ കൂടാതെ അടുത്തിടെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ലതീഷ് ബി ചന്ദ്രൻ അടക്കമുള്ളവരെ വിവാഹത്തിന് പങ്കെടുപ്പിച്ചതിനാണ് മിഥുൻ ഷായ്ക്കെതിരെ പാര്‍ട്ടി നടപടി എടുത്തത്. കഞ്ഞിക്കുഴി ഏരിയ സമ്മേളനം നാളെ തുടങ്ങാനിരിക്കെ യുവ നേതാവിന് എതിരെ നടപടി എടുത്തത് വിഭാഗീയതയുടെ ബാക്കിപത്രമാണെന്നാണ് സൂചന. അതേസമയം പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന മിഥുന്‍റെ ഫേസ്ബുക്ക് കുറിപ്പ് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
എന്റെ വിവാഹത്തിൽ തുഷാർ വെള്ളാപ്പള്ളി, ജ്യോതിസ് , ലതീഷ് ബി ചന്ദ്രൻ എന്നിവർ പങ്കെടുത്തതിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാവുകയും ഈ വിഷയത്തിൽ ഏരിയാ സമ്മേളന പ്രതിനിധി സ്ഥാനത്ത് നിന്ന് എന്നെ ലോക്കൽ കമ്മറ്റി ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ് , പാർട്ടി നടപടി അംഗീകരിക്കുന്നു , പാർട്ടിക്ക് അവമതിപ്പ് ഉണ്ടായ ഈ സംഭവത്തിൽ സഖാക്കളോട് ക്ഷമ ചോദിക്കുന്നു.