തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ തെറ്റ് തിരുത്തൽ നടപടിയുമായി സിപിഎം. ഗൃഹസന്ദർശനവും മേഖലാ യോഗങ്ങളുമായി താഴേത്തട്ടിലേക്ക് ഇറങ്ങുകയാണ് പാർട്ടി. താഴെ തട്ടിൽ ജനങ്ങളുമായി ബന്ധം ശക്തിപ്പെടുത്താതെ മുന്നോട്ട് പോക്ക് ദുഷ്കരമാകുമെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തൽ. എസ് രാമചന്ദ്രൻ പിള്ള സംസ്ഥാന സമിതിയിൽ നടത്തിയ കേന്ദ്രകമ്മിറ്റി റിപ്പോർട്ടിലും തുടർന്ന് നടന്ന ചർച്ചയിലും സിപിഎം ഒന്നുറപ്പിക്കുന്നു. ഒരു വിഭാഗം പാർട്ടിയെ കൈവിട്ടു. ഇത് തെരഞ്ഞെടുപ്പിൽ പാർട്ടിയെ തളർത്തി.

ശബരിമലയെന്ന് പാർട്ടിസെക്രട്ടറി എടുത്ത് പറയുന്നില്ലെങ്കിലും തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണം വിശ്വാസികൾ കൈവിട്ടതാണെന്നാണ് കേന്ദ്ര റിപ്പോർട്ടിലും അംഗങ്ങളുടെ ചർച്ചയിലും നിഴലിച്ചത്. സംസ്ഥാനസർക്കാർ നടപടികൾ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. വിശ്വാസത്തെ ബിജെപിയും കോണ്‍ഗ്രസും പ്രചാരണായുധമാക്കിയപ്പോൾ എൽഡിഎഫിന് അടിപതറി. ജനങ്ങളെ കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുത്താൻ വീടുകളിലെത്തി ജനങ്ങളെ കാണണം.