വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജനീഷ് കുമാർ എംഎൽഎക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം ഇന്ന് പത്തനംതിട്ട കോന്നി ഡിഎഫ്ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും

പത്തനംതിട്ട: ജനീഷ് കുമാർ എം എൽ എക്ക് പിന്തുണ പ്രഖ്യാപിച്ച് സി പി എം ഇന്ന് പത്തനംതിട്ട കോന്നി ഡി എഫ് ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിന്റെ അന്വേഷണത്തിന് ചോദ്യംചെയ്യാൻ വിളിപ്പിചയാളെ എം എൽ എ ബലമായി ഇറക്കി കൊണ്ടുപോയത് വിവാദമായെങ്കിലും സി പി എം അന്നുതന്നെ എം എൽ എക്ക് പൂർണപിന്തുണ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന വനപാലകരുടെ പരാതിയിൽ കൂടൽ പൊലീസ് ഇന്നലെ എം എൽ എക്കെതിരെ കേസെടുത്തിരുന്നു. വനംവകുപ്പ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച തോട്ടം തൊഴിലാളി ഉൾപ്പെടെ നാട്ടുകാരെ കൊണ്ട് സി പി എം തിരിച്ചും ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. എന്നാൽ അതിൽ ഇതുവരെ കേസെടുത്തിട്ടില്ല.

കേസും വിശദാംശങ്ങളും

പാടം വനം വകുപ്പ് ഓഫീസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ആളെ ബലമായി ഇറക്കി കൊണ്ട് പോയ സംഭവത്തില്‍ കോന്നി എം എൽ എ കെ യു ജെനീഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വനം വകുപ്പ് ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടല്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായസംഹിത 132, 351 (2) വകുപ്പുകൾ പ്രകാരമാണ് കേസ്. ഭാരതീയ ന്യായ് സംഹിതം പ്രകാരം കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പ് ചുമത്തിയാണ് എം എൽ എയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. നടുവത്തുമൂഴി റേഞ്ച് ഓഫീസര്‍, പാടം ഡെപ്യൂട്ടീ റേഞ്ച് ഓഫീസര്‍, പാടം ഓഫീസിലെ ജീവനക്കാര്‍ എന്നിവരുടെ മൊഴി പ്രകാരമാണ് കേസ്. ഇതിനിടെ, എം എല്‍ എയ്ക്ക് പിന്തുണ അറിയിച്ച് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച് രംഗത്തുവന്നു. വിവാദ വിഷയം, മലയോര മേഖലയിലെ ജനങ്ങളുടെ പൊതുവികാരത്തിനൊപ്പം ചേര്‍ക്കാനുള്ള ശ്രമത്തിലാണ് സി പി എം. വന്യ ജീവി ശല്യത്തിന് പരിഹാരം എന്ന ആവശ്യം ഉന്നയിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ കോന്നി ഡി എഫ് ഒ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തും. വിവാദ വിഷയത്തില്‍ നടപടി ഉണ്ടാകുമോ എന്ന ആശങ്ക വനം വകുപ്പ് ജീവനക്കാര്‍ക്കുണ്ട്. കുളത്തുമണ്ണിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞെന്ന കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ മോചിപ്പിക്കാനുളള ശ്രമങ്ങളാണ് എം എൽ എയെ വിവാദത്തിലാക്കിയത്. കേസിൽ ഒളവിലുള്ള പ്രതികളെ പിടികൂടാനുള്ള നടപടി വനംവകുപ്പ് ഊർജ്ജമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം