വീട്ടുടമസ്ഥൻ രമേഷ് പനി ബാധിച്ച് പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലായതിനാൽ ദിവസങ്ങളായി വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഭാര്യ സുപ്രിയയാണ് രമേശനൊപ്പം ആശുപത്രിയിൽ കൂട്ടിരുന്നത്

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സുരഭി നഗറിലെ രമേഷിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. പതിനേഴ് പവൻ സ്വ‍ർണാഭരണങ്ങളും പണവുമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ആഭരണങ്ങൾ മോഷണം പോയ വിവരം വീട്ടുകാരറിയുന്നത്. വീടിന് പുറക് വശത്തെ ജനൽ ചില്ല് തക‍‍ർത്ത് കമ്പികൾ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ അകത്തു കടന്നത്. അലമാര കുത്തിതുറന്ന് 17 പവൻ സ്വ‍‍ർണം കവ‍‍ർന്ന് കള്ളൻമാ‍ർ കടന്നു കളയുകയായിരുന്നു.

വീട്ടുടമസ്ഥൻ രമേഷ് പനി ബാധിച്ച് പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലായതിനാൽ ദിവസങ്ങളായി വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഭാര്യ സുപ്രിയയാണ് രമേശനൊപ്പം ആശുപത്രിയിൽ കൂട്ടിരുന്നത്. അതുകൊണ്ടാണ് വീട് ദിവസങ്ങളായി പൂട്ടിയിടേണ്ടിവന്നത്. ഇവർ മടങ്ങിയെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്ന കാര്യം മനസിലായത്.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരുമെത്തി പരിശോധന നടത്തി. പയ്യന്നൂ‍‍ർ റെയിൽവേ സ്റ്റേഷൻ പരിസരം വരെയാണ് പൊലീസ് നായ മണം പിടിച്ചെത്തിയത്. ഫോറൻസിക് പരിശോധനയിൽ സംശയാസ്പദമായി രണ്ട് വിരലടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ സി സി ടി വി ദൃശ്യങ്ങളടക്കം ശേഖരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പയ്യന്നൂർ എസ് എച്ച് ഒ ശ്രീഹരിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ മാവേലിക്കര നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കല്ലുമല മാർ ബസേലിയോസ് ഐ ടി ഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി എന്നതാണ്. സ്ഥാപനത്തിന്റെ വാതിലുകൾ പൊളിച്ച് അകത്തുകയറി സി സി ടി വി ക്യാമറകൾ, മോട്ടോറുകൾ, കേബിളുകൾ ഉൾപ്പെടെ 2,25,000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച അന്തര്‍ സംസ്ഥാന മോഷ്ടാക്കളെയാണ് കുറത്തികാട് പൊലീസ് അറസ്റ്റുചെയ്തത്. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഷംസുർ (27), മുഹമ്മദ് സുമൻ (33) ഡൽഹി സ്വദേശിയായ മുഹമ്മദ് സൽമാൻ (29) എന്നിവരാണ് അറസ്റ്റിലായത്. മെയ് ഏഴാം തീയ്യതിയാണ് മാർ ബസേലിയോസ് ഐ ടി ഐയിൽ മോഷണം നടന്നത്. സർക്കിൾ ഇൻസ്പെക്ടർ പി കെ മോഹിതിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കല്ലുമല മുതല്‍ കരുവാറ്റ വരെയുള്ള നൂറോളം സി സി ടി വി ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മോഷണം നടത്തിയ ശേഷം പ്രതികള്‍ ഹരിപ്പാട്ടുള്ള താമസ സ്ഥലത്തുനിന്നും മാറി നൂറനാട് പുതിയ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു. പകല്‍ സമയങ്ങളില്‍ ആക്രി സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന സഞ്ചരിച്ച് മോഷണം നടത്തുവാനുള്ള സ്ഥലങ്ങള്‍ കണ്ടെത്തി രാത്രി കാലങ്ങളില്‍ മോട്ടോര്‍ ഘടിപ്പിച്ച മുച്ചക്ര സൈക്കിളില്‍ എത്തി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. പ്രതികൾക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലും കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. കുറത്തികാട് സബ് ഇൻസ്പെക്ടർ വി ദയകുമാര്‍, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ രാജേഷ് ആര്‍ നായര്‍, രജീന്ദ്രദാസ്, എസ് പി ഒ ശ്യാംകുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.