കോഴിക്കോട്: എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒരു വോട്ടുപോലും ലഭിക്കാതിരുന്ന ചുണ്ടപ്പുറം ഡിവിഷൻ ഉൾപ്പെട്ട ചുണ്ടപ്പുറം ബ്രാഞ്ച് സിപിഎം പിരിച്ചു വിട്ടു. കാരാട്ട് ഫൈസൽ മത്സരിച്ച് വിജയിച്ച ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ടൊന്നും ലഭിച്ചിരുന്നില്ല. ഇതിൽ നടപടി ഉണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. ജില്ല സെക്റട്ടറിയറ്റിന്റെ തീരുമാനം ജില്ലാ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്തു.

കൊടുവള്ളിയിലെ ചുണ്ടപ്പുറം വാർഡിൽ നിന്നാണ് കാരാട്ട് ഫൈസൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. ആദ്യം എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഫൈസലിന്‍റെ സ്ഥാനാർത്ഥിത്വം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ അടിസ്ഥാനത്തിൽ പിന്നീട് സംസ്ഥാനനേതൃത്വം ഇടപെട്ട് പിൻവലിപ്പിക്കുകയായിരുന്നു. 

ഫൈസലിന് പകരം ഐഎൻഎൽ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ഒപി റഷീദാണ് പതിനഞ്ചാം ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ചത്. എൽഡിഎഫിന് സ്ഥാനാർത്ഥിയുണ്ടെങ്കിലും സ്ഥലത്തെ എൽഡിഎഫ് പ്രവർത്തകരുടെ പിന്തുണ കാരാട്ട് ഫൈസലിന് തന്നെയാണെന്നും, ഇടത് സ്ഥാനാർത്ഥി ഡമ്മി മാത്രമാണെന്നുമുള്ള ആരോപണം യുഡിഎഫ് അടക്കം ഉയർത്തിയിരുന്നതാണ്. ഫലം വന്നപ്പോൾ ഒരു വോട്ടുപോലും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിക്കാതെ പോയത് സിപിഎമ്മിനും വലിയ നാണക്കേടുണ്ടാക്കി.