കടകംപള്ളിയടക്കം ജില്ലാ നേതാക്കൾക്ക് കരാറുകാരുമായി ദുരൂഹ ഇടപാട് ഉണ്ടെന്ന് ധ്വനിപ്പിച്ചായിരുന്നു റിയാസിന്റെ പ്രസംഗം. മുൻമന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളിക്കെതിരായ റിയാസിന്റെ നീക്കം ജില്ലാ നേതൃയോഗങ്ങളിലും ചര്‍ച്ചയാകും.

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ നടക്കുന്ന റോഡ് പണിവിവാദത്തിൽ പ്രതികരിച്ച കടകംപള്ളി സുരേന്ദ്രനെതിരായ മന്ത്രി മുഹമ്മദ് റിയാസിന്റെ വിമർശനത്തിൽ ജില്ലാ നേതൃത്വത്തിന് ശക്തമായ എതിര്‍പ്പ്. കടകംപള്ളിയടക്കം ജില്ലാ നേതാക്കൾക്ക് കരാറുകാരുമായി ദുരൂഹ ഇടപാട് ഉണ്ടെന്ന് ധ്വനിപ്പിച്ചായിരുന്നു റിയാസിന്റെ പ്രസംഗം. മുൻമന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളിക്കെതിരായ റിയാസിന്റെ നീക്കം ജില്ലാ നേതൃയോഗങ്ങളിലും ചര്‍ച്ചയാകും.

തലസ്ഥാന നഗരത്തിലെ റോഡുകൾ ഗതാഗത യോഗ്യമല്ലാതായിട്ട് മൂന്ന് വര്‍ഷമായി. മൂന്ന് മാസം കൊണ്ട് പണി തീരുമെന്ന് പ്രഖ്യാപിച്ച് കൂട്ടത്തോടെ റോഡ് പൊളിച്ചതോടെ ജനം നട്ടംതിരിയുകയാണ്. ഇതിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സ്മാര്‍ട് സിറ്റി, അമൃത് പദ്ധതികളുടെ നടത്തിപ്പ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോർപ്പറേഷൻ വികസന സമിതി യോഗത്തിൽ കടകംപള്ളി പ്രസംഗിച്ചത്. എന്നാല്‍, ആകാശത്ത് റോഡ് നിര്‍മ്മിക്കാനാകുമോ എന്ന് തിരിച്ച് ചോദിച്ച മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരനെ പുറത്താക്കിയത് ചിലര്‍ക്ക് പൊള്ളിയെന്നും കൂടി പറഞ്ഞതോടെ വിവാദം പിടിവിട്ടു. സംസ്ഥാന സമിതിയിലെ തന്നെ മുതിര്‍ന്ന നേതാവും മുൻമന്ത്രിയുമായ കടകംപള്ളിയെ കരാറുകാരുമായുള്ള കള്ളക്കളി കൂടി ആരോപിച്ച് പ്രതിസ്ഥാനത്ത് നിര്‍ത്തിയ നടപടി ശരിയായില്ലെന്നാണ് മുഹമ്മദ് റിയാസിനെതിരായ വിമര്‍ശനം. 

താരതമ്യേന ജൂനിയറായ മുഹമ്മദ് റിയാസിന്‍റെ നടപടിയിൽ ജില്ലാ നേതൃത്വത്തിനുള്ളത് കടുത്ത അതൃപ്തിയും പ്രതിഷേധവുമാണ്. കരാറുകാരെ ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥരെ ഭരണ സംവിധാനവും നിയന്ത്രിക്കണമെന്ന് പറഞ്ഞാൽ അതിൽ മന്ത്രിക്ക് പൊള്ളാനിത്ര എന്തിരിക്കുന്നു എന്നാണ് നേതാക്കൾ ചോദിക്കുന്നത്. മാത്രമല്ല നിയമസഭയിൽ സബ്മിഷനായി അടക്കം ഇതേ വിഷയം മുൻപ് അവതരിപ്പിച്ചിട്ടുമുണ്ട്. പക്വതയില്ലാതെ ഇടപെട്ട മുഹമ്മദ് റിയാസിനെതിരെ ശക്തമായ പ്രതിഷേധവും ജില്ലാ നേതൃയോഗങ്ങളിലുയരും.