Asianet News MalayalamAsianet News Malayalam

'വ്യക്തമായ കണക്ക്, ബാങ്ക് ഇടപാട്'; എക്സാലോജിക് വിവാദത്തെ ന്യായീകരിച്ച് സിപിഎം രേഖ

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാർട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്. വാദം പോലും കേൾക്കാതെയാണ് പ്രചരണമെന്നും പാർട്ടി വിമർശിക്കുന്നു. 

CPM Document Defends  Veena Vijayan s company  Exalogic Controversy nbu
Author
First Published Feb 10, 2024, 9:33 AM IST

തിരുവനന്തപുരം: എക്സാലോജിക് വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതെന്ന് വിശദീകരിച്ച് സിപിഎം. വീണ വിജയനും കമ്പനിക്കുമെതിരായ കേസ് രാഷ്ട്രീയ പ്രേരിതം മാത്രമെന്ന വിശദീകരണം അടക്കം ഉൾപ്പെടുത്തിയ രേഖ നിയോജക മണ്ഡലം തലത്തിൽ നടക്കുന്ന ശിൽപ്പശാലകളിൽ പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്നുണ്ട്. കമ്പനിയുടെ വാദം പോലും കേൾക്കാതെയാണ് എതിര്‍ പ്രചാരണമെന്നാണ് സിപിഎം നിലപാട്.

മാസപ്പടി ആരോപണം ഉയര്‍ന്ന അന്ന് മുതൽ വീണക്കും എക്സാലോജികിനും സിപിഎം നൽകുന്നത് സമാനതകളില്ലാത്ത പിന്തുണയാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പി ഇറക്കി വരെ ന്യായീകരിച്ചു. ശേഷം നടപടി എസ്എഫ്ഐഒ അന്വേഷണം വരെ എത്തിയിട്ടും പാര്‍ട്ടിവക അടിയുറച്ച പിന്തുണ. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാര്‍ട്ടി ഘടകങ്ങളെ സജ്ജമാക്കാൻ നിയോജകമണ്ഡല അടിസ്ഥാനത്തിൽ നടത്തുന്ന ശിൽപശാലകളിൽ അച്ചടിച്ചിറക്കിയ കുറിപ്പുമായെത്തിയാണ് നേതാക്കളുടെ വിശദീകരണം. രാഷ്ട്രീയ നിലപാടുകളും നയസമീപനങ്ങളും വ്യക്തമാക്കുന്ന രേഖയിൽ മുഖ്യമന്ത്രിക്കെതിരെ എന്ന തലക്കെട്ടിന് താഴെയാണ് എക്സാലോജിക് ഇടപാടിനെ കുറിച്ച് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു, വ്യക്തമായ കണക്കുകളോടെ ബാങ്ക് വഴി നടത്തിയ ഇടപാടുകൾ പോലും വക്രീകരിക്കുന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്.

കമ്പനിക്കുപോലും പരാതിയില്ലെന്നും വാദം കേൾക്കാതെയാണ് വിവാദം ഉയര്‍ത്തിവിടുന്നതെന്ന് കൂടി സിപിഎം വിശദീകരിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ് ശിൽപ്പശാലകൾക്ക് നേതൃത്വം നൽകുന്നത്. ചിലയിടങ്ങളിൽ ആമുഖത്തിൽ തന്നെ വിവാദം വിശദീകരിക്കും. മറ്റു ചിലയിടങ്ങളിൽ ചര്‍ച്ചകൾക്കിടെ നൽകുന്ന വിശദീകരണമായാണ് വിഷയം പരിഗണിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios