കണ്ണൂർ: പാർട്ടി ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് സിപിഎമ്മിന്റെ പ്രതിഷേധം. പൊലീസ് സ്റ്റേഷന് മുന്നിലാണ് പാർട്ടി പ്രവർത്തകർ കൂട്ടംകൂടി നിന്ന് പ്രതിഷേധിക്കുന്നത്. കള്ളക്കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ചാണ് പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം.

ബിജെപി പ്രവർത്തകനെ ആക്രമിച്ചെന്ന കേസിലാണ് സിപിഎമ്മിന്റെ വളപട്ടണം അറപ്പാംതോട് ബ്രാഞ്ച് സെക്രട്ടറിയായ സിപി ശ്രീകേഷിനെയും സംഗീത് എന്ന സിപിഎം പ്രവർത്തകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. യുവമോർച്ച യൂണിറ്റ് സെക്രട്ടറി അശ്വന്തിന്റെ പരാതിയിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണ് പ്രതിഷേധവുമായി പൊലീസ് സ്റ്റേഷന് മുന്നിലുള്ളത്. കസ്റ്റഡിയിലുള്ളവരെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.