അവസാന നിമിഷം മാറ്റങ്ങളുണ്ടായില്ലെങ്കിൽ പി. ഗഗാറിൻ തന്നെ ജില്ലാ സെക്രട്ടറിയായി തുടരാൻ തന്നെയാണ് സാധ്യത. കല്‍പ്പറ്റ, വൈത്തിരി, പുല്‍പ്പള്ളി ഏരിയാ സമ്മേളനങ്ങളിലാണ് ഏറ്റവും കടുത്ത മത്സരം നടന്നത്. കല്‍പ്പറ്റയിലും വൈത്തിരിയിലും ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചവര്‍ വിജയിക്കുകയും ചെയ്തു. 

വയനാട്: സിപിഎം (CPM) വയനാട് ജില്ലാ സമ്മേളനം (Wayanad) ഇന്ന് വൈത്തിരിയിൽ തുടങ്ങും. പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി (M A Baby) ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ ഏരിയാ സമ്മേളനങ്ങളിൽ മത്സരം നടന്നതിൽ അസ്വാഭാവികതയില്ലെന്ന് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ പറഞ്ഞു.

11,286 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 125 പേരാണ് സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുക. ഇവര്‍ക്കൊപ്പം 25 ജില്ലാ കമ്മറ്റി അംഗങ്ങളും സമ്മേളനത്തിലുണ്ടാകും. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്ക് പുറമെ 6 കേന്ദ്ര കമ്മറ്റി അംഗങ്ങളും 3 ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. വയനാട്ടിലെ 8 ഏരിയാ കമ്മറ്റികളിലേക്കും ആരോഗ്യപരമായ മത്സരം നടന്നതായി ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ പറഞ്ഞു.

അവസാന നിമിഷം മാറ്റങ്ങളുണ്ടായില്ലെങ്കിൽ പി. ഗഗാറിൻ തന്നെ ജില്ലാ സെക്രട്ടറിയായി തുടരാൻ തന്നെയാണ് സാധ്യത. കല്‍പ്പറ്റ, വൈത്തിരി, പുല്‍പ്പള്ളി ഏരിയാ സമ്മേളനങ്ങളിലാണ് ഏറ്റവും കടുത്ത മത്സരം നടന്നത്. കല്‍പ്പറ്റയിലും വൈത്തിരിയിലും ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചവര്‍ വിജയിക്കുകയും ചെയ്തു. പുല്‍പ്പള്ളി ഏരിയാ സമ്മേളനത്തിന്റെ തുടര്‍ച്ചായി ചില അസ്വാരസ്യങ്ങളും പാര്‍ട്ടിയിൽ ഉണ്ടായി. ഇതിന്റെ പ്രതിഫലനം ജില്ലാ സമ്മേളനത്തിലും ഉണ്ടായേക്കുമെന്നാണ് സൂചന. കൽപ്പറ്റ, ബത്തേരി നിയോജക മണ്ഡലങ്ങളിലുണ്ടായ തോൽവിയും പിന്നീട് പാർട്ടിയിലുണ്ടായ നടപടികളും ജില്ല സമ്മേളനത്തിൽ ചൂടേറിയ ചർച്ച വിഷയമാകും.

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സിപിഎം എറണാകുളം ജില്ലാ സമ്മേളനവും ഇന്നു തുടങ്ങും. കളമശേരിയിൽ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 41618 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് വിവിധ ഏരിയാ സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 180 പ്രതിനിധികളും നിലവിലുള്ള ജില്ലാ കമ്മറ്റി യിലെ 39 അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മുന്നണിക്കുണ്ടായ തിരിച്ചടി പ്രധാന ചർച്ചയാകും. കൂടുതൽ പുതുമുഖങ്ങൾ ഇത്തവണ ജില്ലാ 
കമ്മിറ്റിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. 16 ന് വൈകിട്ട് 5ന് സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.