അരൂർ:  കഴിഞ്ഞ അറുപത് വർഷത്തിനിടയിൽ ഒരിക്കൽ പോലും കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചിട്ടില്ലാത്ത മണ്ഡലമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂർ. എന്നാൽ ഇത്തവണ മണ്ഡലം പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസിന്റെ  പ്രാദേശിക നേതൃത്വം. ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന് കിട്ടിയ ലീഡ് ആണ് കോൺഗ്രസിന്റെ പ്രതീക്ഷ കൂട്ടുന്നത്.

ഒന്നാം നിയമസഭയിലേക്ക് അരൂരിൽ നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ചത് അന്നത്തെ കോൺഗ്രസ് നേതാവ് ആയ പി.എസി.കാർത്തികേയൻ ആയിരുന്നു. 1960 ൽ രണ്ടാം തവണയും പി.എസ്.കാർത്തികേയൻ വി‍ജയം ആവർത്തിച്ചു. എന്നാൽ 1965 ൽ ചേർത്തലയിൽ നിന്നും കെ.ആർ.ഗൗരിയമ്മ അരൂരിലേക്ക് തട്ടകം മാറ്റിയപ്പോൾ മണ്ഡലം കോൺഗ്രസിനെയും കൈവിട്ടു. പിന്നീട് ഇതുവരെ കോൺഗ്രസ് പ്രതിനിധികളാരും അരൂരിൽ നിന്ന് ജയിച്ചു കയറിയിട്ടില്ല. 

സിപിഐയിൽ നിന്ന് പി.എസ്.ശ്രീനിവാസനും ജെഎസ്എസിൽ നിന്നും 2 തവണ കെ.ആർ.ഗൗരിയമ്മയും യുഡിഎഫ് പ്രതിനിധികളായി നിയമസഭയിലെത്തിയതൊഴിച്ചാൽ മണ്ഡലം എന്നും സിപിഎമ്മിന്റെ  തട്ടകമായിരുന്നു. ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് അരൂരിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപെ ബൂത്ത്തല കൺവൻഷനുകളും  മണ്ഡലപര്യടനജാഥകളും നടത്തി കോൺഗ്രസ് തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങിയിരുന്നു. അരൂരിൽ കോൺഗ്രസിന് ഒരു എംഎൽഎ ഉണ്ടാകാനുള്ള തീവ്ര ശ്രമങ്ങളാണ് കഴിഞ്ഞ അറുപത് വർഷങ്ങളിലും നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ അതൊന്നും ഫലം കണ്ടില്ല. പക്ഷെ ഷാനിമോളിലൂടെ ഇത്തവണ അട്ടിമറി ജയം നേടാനാകുമെന്നാണ് പ്രതീക്ഷ.

ലോക്സഭ തെരഞ്ഞെടുപ്പിൽ ആരിഫിന്റെ തട്ടകത്തിൽ ഷാനിമോൾ ഉസ്മാൻ 648 വോട്ടിന് മുന്നിലെത്തിയതാണ് പ്രവർത്തകരുടെ ആത്മ വിശ്വാസം കൂട്ടുന്നത്. ഒപ്പം അരൂരിലെ ഇടതുകോട്ട തകർക്കാൻ മുന്നണിയിലെ പടല പിണക്കങ്ങൾ മറന്ന് ഒറ്റക്കെട്ടായി തയ്യാറെടുക്കുന്നു കോൺഗ്രസ് നേതൃത്വം. മണ്ഡലത്തിലൊരു  കോൺഗ്രസ് എംഎൽഎയെന്ന അറുപത് കൊല്ലം പഴക്കമുള്ള കോൺഗ്രസ് മോഹം  ഇത്തവണയെങ്കിലും സഫലം ആകുമോ? കാത്തിരുന്ന് കാണാം.