ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ സ്ത്രീ പ്രാതിനിധ്യം കുറവാണെന്ന് താൻ സ്നേഹപൂർവ്വം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ഉറപ്പാണെന്നും, ഭരണനേട്ടങ്ങളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ്സിൽ നടക്കുന്ന വടംവലിയെയും അദ്ദേഹം പരിഹസിച്ചു.
കൊച്ചി: ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മതിയായ സ്ത്രീ പ്രാതിനിധ്യം ഇല്ലെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. ഒരിക്കൽ ചൈനയിൽ പോയപ്പോൾ സ്നേഹപൂർവ്വം ഇക്കാര്യം ഉണർത്തിയിരുന്നുവെന്നും കൊച്ചിയിലെ ഒരു സെമിനാറിൽ സി പി എം ജനറൽ സെക്രട്ടറി വ്യക്തമാക്കി. കേരളത്തിൽ എൽ ഡി എഫിന് തുടർ ഭരണം ഉറപ്പാണെന്നും ബേബി അവകാശപ്പെട്ടു. എൽ ഡി എഫിന്‍റെ ഭരണ മികവിൽ തന്നെയാണ് പ്രതീക്ഷ. ജനം എൽ ഡി എഫിന് അല്ലാതെ മറ്റാർക്കും വോട്ട് ചെയ്യില്ലെന്നും സി പി എം ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. ഭരണം ലഭിക്കും മുന്നേ മുഖ്യമന്ത്രി കസേരക്കായുള്ള കോൺഗ്രസിലെ വടംവലിയെയും ബേബി പരിഹസിച്ചു. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ട് എന്നായിരുന്നു യു ഡി എഫ് അവകാശ വാദം. ഇപ്പോൾ അധികാരത്തിനായി തമ്മിൽ തല്ലാണ്. ഇതൊക്കെ കണ്ട് ജനം ചിരിക്കുകയാണ്. ഇവരുടെ കയ്യിൽ അധികാരം കിട്ടിയാൽ എന്താകും അവസ്ഥ എന്നാണ് എല്ലാവരും ആലോചിക്കുന്നത്. പണ്ടും ഫലം വരും മുമ്പ് സി എം പോസ്റ്റ് പങ്കു വയ്ക്കാൻ തീരുമാനിച്ച പാർട്ടി ആണ് കോൺഗ്രസ്. ഫലം വന്നപ്പോൾ എൽ ഡി എഫ് അധികാരം നേടി. അതെ ആവർത്തനം തന്നെയാകും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലമെന്നും സി പി എം ജനറൽ സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

