കെകെ ശൈലജ എംഎൽഎ ഉൾപ്പെടെയുള്ളവരാണ് പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൽ സിപിഎമ്മുകാരായ പ്രതികളെ യാത്രയയക്കാനെത്തിയത്

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് സി സദാനന്ദൻ എംപി യുടെ കാലുവെട്ടിയ കേസില്‍ തിങ്കളാഴ്ച മട്ടന്നൂർ ഉരുവച്ചാലിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം. ശിക്ഷിക്കപ്പെട്ടവരുടെ ചിത്രം പതിച്ച പോസ്റ്ററിൽ ഇവർ കുറ്റക്കാരാണോ എന്ന ചോദ്യം ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജനാണ് ഉദ്ഘാടകൻ. സദാനന്ദൻ വധശ്രമ കേസിലെ പ്രതികൾക്ക് ജയിലിലേക്ക് യാത്രയയപ്പ് നടത്തിയ സംഭവം വലിയ വിമര്‍ശനങ്ങൾക്ക് കാരണമായിരുന്നു. പിന്നാലെയാണ് രാഷ്ട്രീയ വിശദീകരണ യോഗം.

കെകെ ശൈലജ എംഎൽഎ ഉൾപ്പെടെയുള്ളവരാണ് പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൽ സിപിഎമ്മുകാരായ പ്രതികളെ യാത്രയയക്കാനെത്തിയത്. യാത്രയയപ്പ് ചടങ്ങിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിപാടിയിൽ പങ്കെടുക്കുന്നതും ജയിലിൽ കീഴടങ്ങാനായി പോകുന്ന പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്കായി മുദ്രാവാക്യം മുഴക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സി സദാനന്ദൻ എംപിയുടെ കാൽവെട്ടിയെറിഞ്ഞ കേസിൽ 30വര്‍ഷത്തിനുശേഷമാണ് പ്രതികള്‍ കോടതിയിൽ കീഴടങ്ങിയത്. സുപ്രീം കോടതിയും അപ്പീൽ തള്ളിയതോടെയാണ് സിപിഎം പ്രവര്‍ത്തകായ പ്രതികള്‍ കോടതിയിൽ ഹാജരായത്.

സിപിഎമ്മുകാരായ എട്ടു പ്രതികളെയാണ് വിചാരണ കോടതി നേരത്തെ ശിക്ഷിച്ചത്. എന്നാൽ, ശിക്ഷാവിധിക്കെതിരെ മേൽകോടതികളിൽ അപ്പീൽ നൽകി ജാമ്യത്തിലായിരുന്നു പ്രതികള്‍. ഏഴുവര്‍ഷത്തെ തടവാണ് പ്രതികള്‍ക്കെതിരെ വിധിച്ചിരുന്നത്. തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളെ കണ്ണൂര്‍ സെന്‍ട്രൽ ജയിലിലേക്ക് മാറ്റി. കേസിലെ പ്രതികള്‍ക്ക് മട്ടന്നൂര്‍ പഴശ്ശിയിൽ വെച്ച് യാത്രയയപ്പ് നൽകിയശേഷമാണ് കോടതിയിലേക്ക് കീഴടങ്ങാൻ പോയത്. ഈ പരിപാടിയിലാണ് മുൻ മന്ത്രി കൂടിയായ കെകെ ശൈലജ പങ്കെടുത്തത്. ജയിലിലേക്ക് പോകുന്നതിന് മുമ്പായുള്ള യാത്രയയപ്പിന്‍റെ വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു.

YouTube video player