മറയൂര്‍ ഏരിയ കമ്മിറ്റി അംഗവും വട്ടവട പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി രാമരാജ് ഉൾപ്പടെ 318 പേരാണ് സിപിഎം വിട്ട് സിപിഐയിൽ ചേര്‍ന്നത്.

ഇടുക്കി: ഇടുക്കി മറയൂരിൽ സിപിഐയിൽ ചേര്‍ന്നത് സിപിഎം പുറത്താക്കിയവരെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ. ദേവികുളത്തെ സ്ഥാനാർഥി എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചതിന് രാമരാജിനെതിരെ നടപടിയെടുത്തിരുന്നെന്നും ചിലര്‍ പോയാൽ പാര്‍ട്ടി ഒലിച്ചുപോകില്ലെന്നും കെ.കെ.ജയചന്ദ്രൻ പറഞ്ഞു.

മറയൂര്‍ ഏരിയ കമ്മിറ്റി അംഗവും വട്ടവട പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി രാമരാജ് ഉൾപ്പടെ 318 പേരാണ് സിപിഎം വിട്ട് സിപിഐയിൽ ചേര്‍ന്നത്. വട്ടവടയിലെ ഭൂപ്രശ്നങ്ങളിൽ സര്‍ക്കാര്‍ പരിഹാരം കാണുന്നില്ലെന്നാരോപിച്ചായിരുന്നു കൂട്ടരാജി. എന്നാൽ പത്ത് ദിവസം മുമ്പ് തന്ന രാമരാജിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നാണ് ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്റെ വിശദീകരണം. ദേവികുളത്തെ തെരഞ്ഞെടുപ്പ് വീഴ്ചയിലായിരുന്നു നടപടി.

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ അടുത്ത അനുയായിയാണ് രാമരാജ്. എൽഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന രാജേന്ദ്രൻ സിപിഐയിലേക്ക് പോകുന്നെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. രാമരാജിന്റെ കൂടുമാറ്റം ആ സംശയം കൂടുതൽ ബലപ്പെടുത്തുന്നുവെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.