കോട്ടയം: യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തെ കൈവിടാതെ സിപിഎം. എൽഡിഎഫ് സഹകരണവുമായി ബന്ധപ്പെട്ട് തീരുമാനം വൈകരുതെന്ന് കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിനോട് സിപിഎം ആവശ്യപ്പെട്ടതായി വിവരം. ഉടൻ തീരുമാനമെടുക്കണമെന്നുമെന്ന് സിപിഎം ആവശ്യപ്പെട്ടതിന്‍റെ ഇതിന്‍റെ അടിസ്ഥാനത്തിൽ നിർദ്ദേശം ചർച്ച ചെയ്യാൻ ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചു ചേര്‍ത്തിട്ടുണ്ട്.  ഈ മാസം എട്ടിന് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരാനാണ് തീരുമാനം. 

കേരളാ കോൺഗ്രസ് ബഹുജന പിന്തുണയുള്ള പാർട്ടിയാണെന്നും ജോസ് വിഭാഗമില്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകുമെന്നുമെന്നുമുള്ള ദേശാഭിമാനിയിലെ ലേഖനത്തിലൂടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ തുടക്കത്തില്‍ തന്നെ ജോസ് വിഭാഗത്തിന് അനുകൂല നിലപാടെന്ന സൂചന നൽകിയിരുന്നു. എന്നാല്‍ അവര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലാകും തീരുമാനമെന്നും ഇടത് മുന്നണിയിൽ ചര്‍ച്ച ചെയ്ത ശേഷം മാത്രമാകും അന്തിമ തീരുമാനം ഉണ്ടാകൂ എന്നും  കോടിയേരി വിശദീകരിച്ചിട്ടുണ്ട്. 

എന്നാൽ ജോസ് വിഭാഗവുമായുള്ള ബന്ധത്തെ പൂര്‍ണമായും തള്ളുന്ന നിലപാടാണ് ഇടത് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ എടുക്കുന്നത്. അവശനിലയിലായവരുടെ വെന്‍റിേലേറ്ററല്ല ഇടതുമുന്നണിയെന്ന കാനം രാജേന്ദ്രൻറെ പ്രതികരണം മുന്നണിക്കുള്ളിലെ അതൃപ്തി വ്യക്തമാക്കുന്നു. സിപിഐക്ക് പിന്നാലെ ജോസ് കെ മാണിയുള്ള സഹകരണത്തെ എതി‍ർത്ത് ജെഡിഎസ്സും രംഗത്തെത്തിയിട്ടുണ്ട്. ജോസിൻറ സമ്മർദ്ദ തന്ത്രത്തിന് എൽഡിഎഫ് തലവെക്കേണ്ടെന്ന് ജെഡിഎസ് സെക്രട്ടറി ജനറൽ ജോർജ്ജ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.