തമ്പ്രാക്കന്മാർ പറയും, അടിയാന്മാർ അനുസരിക്കണം എന്നതാണ് നിലപാടെന്നും ഭൂമാഫിയ സംഘങ്ങളുമായി ബന്ധമുള്ള മധുസൂദനനെ പയ്യന്നൂരിൽ സ്ഥാനാർത്ഥിയാക്കിയത് തിരിച്ചടിയായെന്നും വിമർശനം ഉയർന്നു.
കാസർകോട്: സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. തമ്പ്രാക്കന്മാർ പറയും, അടിയാന്മാർ അനുസരിക്കണം എന്നതാണ് നിലപാടെന്നും ഭൂമാഫിയ സംഘങ്ങളുമായി ബന്ധമുള്ള മധുസൂദനനെ പയ്യന്നൂരിൽ സ്ഥാനാർത്ഥിയാക്കിയത് തിരിച്ചടിയായെന്നും വിമർശനം ഉയർന്നു. തൃക്കരിപ്പൂരിലെ തോൽവിക്കും ഇത് കാരണമായി. ജില്ലാ നേതൃത്വം മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദയെ രക്തസാക്ഷിയാക്കി. മഞ്ചേശ്വരത്ത് 20,000 സിപിഎം വോട്ടുകൾ മറിഞ്ഞതിൽ ഇടപെടലുണ്ടായെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനമുണ്ടായി.

അതേസമയം, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റിലും പിണറായി വിജയനെതിരേയും എംവി ഗോവിന്ദനെതിരേയും കടുത്ത വിമർശനം ഉയർന്നു. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ നേതാവായി പിണറായിയെ നിയോഗിച്ചത് ശരിയല്ലെന്നും സെക്രട്ടേറിയേറ്റിൽ വിമർശനം ഉയർന്നു. സംസ്ഥാന സെക്രട്ടറി ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെ സംസാരിക്കുന്നുവെന്നായിരുന്നു എംവി ഗോവിന്ദനെതിരെയുള്ള വിമർശനം. തിരുത്തലുകൾ ഉണ്ടാകണം. ഇത്തരം രീതികൾ തുടർന്നാൽ ഇനിയൊരിക്കലും കേരളത്തിൽ അധികാരത്തിൽ വരില്ല. സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിക്കണം. നേതൃനിര മൽസരത്തിനിറങ്ങണമെന്ന നിർദേശം അംഗീകരിക്കപ്പെട്ടില്ല. താഴേതട്ടിൽ സംഘടനാപരമായ വീഴ്ചകൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കി. താഴേത്തട്ടിൽ നടന്നത് ആവേശം ചോർന്ന പ്രവർത്തനമാണ്. നേതൃത്വം കാര്യമായ ഇടപെടൽ നടത്തിയില്ലെന്നും വിമർശനം ഉയർന്നു.


