കെ കെ രാഗേഷിനെ അഭിനന്ദിച്ചതിന് ദിവ്യ എസ് അയ്യർക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ എ കെ ബാലൻ അപലപിച്ചു. ദിവ്യ ബ്യൂറോക്രസിയിലെ ഉണ്ണിയാർച്ചയാണെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂർ സി പി എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യർ നടത്തിയ അഭിനന്ദനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുതിർന്ന സി പി എം നേതാവ് എ കെ ബാലൻ രംഗത്ത്. ദിവ്യക്കെതിരായ സൈബർ ആക്രമണത്തെ ശക്തമായി അപലപിച്ച ബാലൻ, അവർ ബ്യൂറോക്രസിയിലെ ഉണ്ണിയാർച്ചയെന്നും വിശേഷിപ്പിച്ചു. വളരെ വളരെ മോശമായ നിലയിൽ ദിവ്യയെ ചിത്രീകരിച്ചുള്ള ആക്രമണമാണ് സൈബറിടത്ത് കോൺഗ്രസ് നടത്തുന്നത്.
മുരളീധരനെ പോലെയുള്ള നേതാക്കൾ സംസാരിക്കുമ്പോൾ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ ഒഴിവാക്കേണ്ടതായിരുന്നു. ചുരുങ്ങിയ പക്ഷം ഒരു സ്ത്രീയോട് കാട്ടേണ്ട മാന്യത കാട്ടിയില്ല. സഹപ്രവർത്തകനായ ശബരിനാഥന്‍റെ ഭാര്യയാണെന്ന് ഓർക്കണമായിരുന്നു. കാർത്തികേയന്‍റെ മരുമകളാണെന്ന പരിഗണനയും നൽകിയില്ല. അവർകെതിരെ നടക്കുന്ന സൈബർ ആക്രമണം ഒഴിവാക്കേണ്ടതാണ്. കെ മുരളീധരന്റെ വിമർശനവും ഒഴിവാക്കേണ്ടിയിരുന്നു. കെ മുരളീധരനെ കോൺഗ്രസിൽ നിന്നും പുകച്ച് ചാടിച്ചത് ഓർമ വേണമായിയിരുന്നു. മുരളീധരൻ ഉപയോഗിച്ചത് മ്ലേച്ഛമായ ഭാഷയെന്നും ബാലൻ വിമർശിച്ചു. വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയെപോലെയാണ് ബ്രൂറോക്രസിയിലെ ദിവ്യ എസ് അയ്യരെന്നും ബാലൻ കൂട്ടിച്ചേർത്തു.
അതിനിടെ പുറത്തുവന്ന വാർത്ത ദിവ്യ എസ് അയ്യർ നടത്തിയ പുകഴ്ത്തൽ സർവീസ് ചട്ട ലംഘനമെന്ന് ചൂണ്ടികാട്ടി യൂത്ത് കോൺഗ്രസ് പരാതി നൽകി എന്നതാണ്. കെ കെ രാഗേഷിനെ പുകഴ്ത്തിയ പോസ്റ്റ്, ദിവ്യ എസ് അയ്യരുടെ സർവീസ് ചട്ടം ലംഘനമാണെന്നും വിഷയത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനാണ് പരാതി നൽകിയത്. ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് പരാതി നൽകിയിരിക്കുന്നത്. ഐ എ എസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകേണ്ട രാഷ്ട്രീയ നിഷ്പക്ഷതക്ക് എതിരാണ് പോസ്റ്റ് എന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹന്‍റെ പരാതിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.
