Asianet News MalayalamAsianet News Malayalam

'കത്തിലെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം'; ബാബുവിന്‍റെ ആത്മഹത്യയില്‍ പ്രതികരണവുമായി സിപിഎം നേതാവ്

'ഒരു സെന്‍റ്  സ്ഥലം പോലും അധികമായി ഏറ്റെടുക്കുന്നില്ല.  പദ്ധതിയുടെ എസ്റ്റിമേറ്റ് പരിശോധിച്ചാൽ കാര്യങ്ങൾ മനസ്സിലാകും'.

CPM Leader Mohanan reacts on allegation Babu's suicide
Author
First Published Sep 26, 2022, 9:16 AM IST

പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടിൽ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതില്‍ പ്രതികരണവുമായി സിപിഎം നേതാവ്  പി എസ് മോഹനൻ.  ഏഷ്യാനെറ്റ് ന്യൂസിനോടാണ് മോഹനന്‍ പ്രതികരിച്ചത്. ആത്മഹത്യ കുറുപ്പിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും  ബാബുവിനെ ദ്രോഹിച്ചു എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ വെയിറ്റിംഗ് ഷെഡുള്ള സ്ഥലത്ത് തന്നെയാണ് പുതിയ നിർമ്മാണം. ഒരു സെന്‍റ്  സ്ഥലം പോലും അധികമായി ഏറ്റെടുക്കുന്നില്ല.  പദ്ധതിയുടെ എസ്റ്റിമേറ്റ് പരിശോധിച്ചാൽ കാര്യങ്ങൾ മനസ്സിലാകും.  നിലവിലെ വെയിറ്റിംഗ് ഷെഡ് നിലനിൽക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം പണിയുന്നതിൽ ബാബുവിന് എതിർപ്പുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പേ പഞ്ചായത്തിന് കിട്ടിയ സ്ഥലമാണത്.  പണം ആവശ്യപ്പെട്ടു എന്നതടക്കമുള്ള ആരോപണങ്ങളും ശരിയല്ല. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും  നിരപരാധിത്വം തെളിയുമെന്ന് ഉറപ്പാണെന്നും പി എസ് മോഹനന്‍ വ്യക്തമാക്കി. അതേസമയം, ബാബുവിന്‍റെ ആത്മഹത്യാക്കുറിപ്പ് ശാസ്ത്രീയ പരിശോധനക്ക് അയക്കും. കൈയക്ഷരം ബാബുവിന്റേത്തന്നെയോ എന്ന് പരിശോധിക്കും. ആത്മഹത്യാക്കുറിപ്പ് ഫാറന്‍സിക് സയന്‍സ് ലാബിലേക്കാണ് അയക്കുക.

പത്തനംതിട്ട പെരുനാട് മടുത്തുമൂഴി സ്വദേശി ബാബു മേലേതിലാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിലെ റബ്ബർ മരത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബാബു എഴുതിയത് എന്ന് കരുതുന്ന ഡയറിയിൽ ആത്മഹത്യയ്ക്ക് ഉത്തരവാദി സിപിഎം നേതാക്കളാണ് എന്ന് ആരോപിച്ചിരുന്നു. സിപിഎം നേതാവും പെരുനാട് പഞ്ചായത്ത്‌ പ്രസിഡന്‍റുമായ പി എസ് മോഹനൻ, സിപിഎം ലോക്കൽ സെക്രട്ടറി റോബിൻ എന്നിവർ മാനസികമായി പീഡിപ്പിച്ചെന്ന് ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്.  

ബാബുവിന്‍റെ വീടിനോട് ചേർന്ന പഞ്ചായത്ത് വെയ്റ്റിംഗ് ഷെഡ് നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന സൂചനയാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ബാബു സിപിഎം അനുഭാവിയാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ പള്ളിയിലേക്ക് പോകുകയായിരുന്ന നാട്ടുകാരാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബാബു ധരിച്ച ഷർട്ടിന്‍റെ പോക്കറ്റിൽ നിന്നും കിട്ടിയ കുറിപ്പിൽ തന്‍റെ മരണകാരണം വീടിനകത്തെ ഡയറിയിൽ എഴുതി വച്ചതായി പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios