പത്മകുമാറിന്റേത് അവധാനത ഇല്ലായ്മയാണെന്നും ഭരണപരമായ വീഴ്ചയിലാണ് പത്മകുമാറിന്റെ അറസ്റ്റെന്നും പി ജയരാജൻ പറഞ്ഞു. ഫയലുകളിൽ ചെമ്പുപാളി എന്ന് ഉദ്യോഗസ്ഥർ എഴുതിയത് തിരുത്തുന്നതിൽ പത്മകുമാറിനും മുൻ ദേവസ്വം കമ്മീഷണർക്കും വീഴ്ച പറ്റി.

കണ്ണൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി സിപിഎം മുതിർന്ന നേതാവ് പി ജയരാജൻ. പത്മകുമാറിന്റേത് അവധാനത ഇല്ലായ്മയാണെന്നും ഭരണപരമായ വീഴ്ചയിലാണ് പത്മകുമാറിന്റെ അറസ്റ്റെന്നും പി ജയരാജൻ പറഞ്ഞു. ഫയലുകളിൽ ചെമ്പുപാളി എന്ന് ഉദ്യോഗസ്ഥർ എഴുതിയത് തിരുത്തുന്നതിൽ പത്മകുമാറിനും മുൻ ദേവസ്വം കമ്മീഷണർക്കും വീഴ്ച പറ്റി. ഉത്തരവാദത്തപ്പെട്ടവർ ഭരണപരമായ കാര്യങ്ങളിൽ കാണിക്കുന്ന അവധാനതയില്ലായ്മ നീതീകരിക്കാൻ ആകില്ലെന്നും പി ജയരാജൻ പറയുന്നു. ഇന്നലെയാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്യുന്നത്. 

പത്മകുമാറിന് കുരുക്കായത് സ്വന്തം കൈപ്പടയിലെഴുതിയ രേഖകൾ

അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന് കുരുക്കായത് സ്വന്തം കൈപ്പടയിലെഴുതിയ രേഖകളെന്ന് റിപ്പോർട്ട്. ഉണ്ണി കൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറാനുള്ള നിർദേശം ദേവസ്വം ബോർഡിൽ ആദ്യം അവതരിപ്പിച്ചത് എ പത്‌മകുമാർ എന്നാണ് എസ്ഐടി കണ്ടെത്തൽ. അപേക്ഷ താഴെ തട്ടിൽ നിന്നും വരട്ടെ എന്ന് ബോർഡ് നിർദേശിച്ചതോടെ മുരാരിയിൽ നിന്നും കത്തിടപാട് തുടങ്ങി. പോറ്റിക്ക് അനുകൂലമായ നിർദേശങ്ങൾ പത്മകുമാർ നൽകിയെന്നാണ് ഉദ്യോഗസ്ഥമൊഴി. ബോർഡ് മിനുട്സിൽ മറ്റ് അംഗങ്ങൾ അറിയാതെ തിരുത്തൽ വരുത്തിയെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. നിങ്ങൾ വരുമെന്ന് ഉറപ്പായിരുന്നു എന്നാണ് അന്വേഷണ സംഘത്തോട് പത്മകുമാർ പ്രതികരിച്ചത്.

അതേസമയം, എ പത്മകുമാറിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. തിങ്കളാഴ്ച റിപ്പോർട്ട് നൽകും. പത്മകുമാറിന് തിരിച്ചടിയായത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥ മൊഴിയുമാണ്. റിമാൻഡ് റിപ്പോർട്ടിലും പത്മകുമാറിൻ്റെ ഇടപെടൽ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. നിർണായക തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഷ്‌ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയായതിനാൽ പ്രത്യേക സംഘവും കരുതലോടെയാണ് അറസ്‌റ്റിന് മുൻപ് കരുക്കൾ നീക്കിയത്. റിമാൻഡ് റിപ്പോർട്ടിലും പത്മകുമാറിൻ്റെ ഇടപെടൽ എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്. 

പി ജയരാജൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

പദ്മകുമാറിന്റെ അറസ്റ്റും വസ്തുതയും

ശബരിമല സ്വർണ്ണക്കേസിനും രണ്ട് ഭാഗങ്ങൾ ഉണ്ട്.

സ്വർണ്ണം പൂശി നൽകാമെന്ന് ഏറ്റ് സ്പോൺസറെ പോലെ വന്ന് സ്വർണ്ണം മോഷ്ടിച്ച ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും.

സ്വർണ്ണം പൂശാൻ വിട്ടു നൽകുമ്പോൾ ചട്ട പ്രകാരം പാലിക്കേണ്ട നടപടിക്രമങ്ങളിൽ വീഴ്ച്ച വരുത്തിയ

ഉദ്യോഗസ്ഥ / ഭരണവിഭാഗം.

സ്വർണ്ണം വിട്ടുനൽകുമ്പോഴും , ഫയലുകളിൽ രേഖപ്പെടുത്തലുകളിലും അലംഭാവം കാണിച്ച ഉദ്യോഗസ്ഥ സംഘം.

ഇവരെ നയിക്കുന്നതിൽ ഭരണപരമായ വീഴ്ച്ച കൂടിയുണ്ട് എന്ന് തെളിഞ്ഞതിനാ ലാണ് പദ്മകുമാറിൻ്റെ അറസ്റ്റ് നടന്നിരിക്കുന്നത്.

ഫയലിൽ ചെമ്പ് പാളി എന്ന് ഉദ്യേഗസ്ഥർ രേഖപ്പെടുത്തിയത് 'കറക്റ്റ്' ചെയ്യുന്ന തിൽ പഴയ ദേവസ്വം ബോർഡ് പ്രസിഡൻ്റിനും , പഴയ ദേവസ്വം കമ്മീഷണർക്കും വീഴ്ച്ച പറ്റി.

ഇത് മോഷണത്തിലേക്ക് നയിച്ചു

ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇക്കാര്യത്തിൽ പുലർത്തിയ 'അവധാനത ഇല്ലായ്മ'

നീതികരിക്കാൻ കഴിയുന്നതല്ല.

അന്വേഷണം ആരംഭിക്കുമ്പോൾ തന്നെ എത്ര വലിയ ഉന്നതൻ ആണെങ്കിലും പിടിക്കപ്പെടും എന്ന് സർക്കാർ പറഞ്ഞിരുന്നു.

ഒരാളെയും സംരക്ഷിക്കില്ല എന്നും സർക്കാർ വ്യക്തമാക്കിയിരുന്നു , ആ നയം തുടരും....

YouTube video player