Asianet News MalayalamAsianet News Malayalam

മുസ്ലിം തീവ്രവാദ പരാമര്‍ശം; തന്‍റെ പ്രസ്താവന ലീഗ് വളച്ചൊടിച്ചെന്ന് മോഹനന്‍ മാസ്റ്റര്‍

ബിജെപി തന്നെ പിന്തുണച്ചത് വിചിത്രമായ കാര്യമാണ്. തനിക്കെതിരെ ബോംബെറിഞ്ഞവരാണവർ. ഗോരക്ഷ എന്ന പേരില്‍ നാടുനീളെ ആളുകളെ കൊല്ലുന്നവര്‍ തന്നെ പിന്തുണച്ചതും തനിക്കുവേണ്ടി ക്യാമ്പെയിന്‍ നടത്തിയതും പരിഹാസ്യമാണെന്നും  മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

CPM leader P Mohanan clarifies his stand on Muslim terrorism and Maoism
Author
Kozhikode, First Published Nov 22, 2019, 11:26 AM IST

കോഴിക്കോട്: മാവോയിസ്റ്റുകള്‍ സഹായം നല്‍കുന്നത് മുസ്ലിം തീവ്രവാദികളാണെന്ന വിവാദ പരാമര്‍ശത്തില്‍ കൂടുതല്‍ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍. എപി സുന്നി വിഭാഗത്തിന്‍റെ മുഖപത്രമായ സിറാജില്‍ എഴുതിയ ലേഖനത്തിലാണ് മോഹനന്‍ മാസ്റ്റര്‍ നിലപാട് വ്യക്തമാക്കിയത്. തന്‍റെ പ്രസ്താവന എല്ലാ മുസ്ലിം സംഘടനകള്‍ക്കും എതിരെയുള്ളതാണെന്ന് വരുത്തി തീര്‍ക്കാന്‍ മുസ്ലിം ലീഗ് ശ്രമിച്ചുവെന്ന് മോഹനന്‍ മാസ്റ്റര്‍ ആരോപിച്ചു.

എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളെയാണ് താന്‍ ഉദ്ദേശിച്ചത്. മുസ്ലിം സമുദായത്തില്‍ നിന്ന് പിന്തുണയില്ലാത്ത തീവ്രവാദി ഗ്രൂപ്പുകളെ വെള്ളപൂശുകയാണ് ചില കേന്ദ്രങ്ങള്‍ ചെയ്തത്. മതരാഷ്ട്രവാദ സംഘടനകളും തീവ്രവാദ സംഘടനകളും മാവോയിസ്റ്റുകളുമായി ചേര്‍ന്ന് കവര്‍ സംഘടനകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍ഡിഎഫിന്‍റെ മുന്‍കൈയില്‍ രൂപംകൊണ്ട് തൊഴിലാളി യൂനിയനുകളെയും മനുഷ്യാവകാശ സംഘടനകളെയും നയിക്കുന്നവരില്‍ പലരും രഹസ്യവും പരസ്യവുമായി മാവോയിസ്റ്റ് ബന്ധം സൂക്ഷിക്കുന്നുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഭീകരപ്രവര്‍ത്തനത്തിന് മണ്ണൊരുക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും മോഹനന്‍ മാസ്റ്റര്‍ ആരോപിച്ചു. 

തനിക്ക് പിന്തുണയുമായി എത്തിയ ബിജെപിയെയും മോഹനന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതൽ ഭീകരപ്രവർത്തനം നടത്തിയത് സംഘപരിവാർ സംഘടനകളാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി തന്നെ പിന്തുണച്ചത് വിചിത്രമായ കാര്യമാണ്. തനിക്കെതിരെ ബോംബെറിഞ്ഞവരാണവർ. ഗോരക്ഷ എന്ന പേരില്‍ നാടുനീളെ ആളുകളെ കൊല്ലുന്നവര്‍ തന്നെ പിന്തുണച്ചതും തനിക്കുവേണ്ടി ക്യാമ്പെയിന്‍ നടത്തിയതും പരിഹാസ്യമാണെന്നും  മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. അല്‍ഖായിദ അടക്കമുള്ള ഭീകര സംഘടനയെപ്പോലും അനുകൂലിക്കുന്നവരാണ് ഇന്ത്യയിലെ മാവോയിസ്റ്റുകള്‍. മാവോയിസ്റ്റുകള്‍ അവരുടെ അജണ്ടക്കായി ആഗോളതലത്തിലുള്ള ഭീകരസംഘനകളുമായി സഹകരിക്കുന്നവരാണെന്നും മോഹനന്‍ മാസ്റ്റര്‍ ലേഖനത്തില്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios