തിരുവനന്തപുരം കോർപറേഷനിലുണ്ടായ സംഘർഷത്തിൽ വിമർശനവുമായി സിപിഎം നേതാവ് പി കെ ശ്രീമതി. കേവലം ഉന്തും തള്ളുമല്ലെന്നും ഒരു വനിത അംഗം രണ്ടുപേരുടെ ഇടയിൽ ഞെരുങ്ങിപ്പോയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പി കെ ശ്രീമതി പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി - യുഡിഎഫ് കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ വിമർശനവുമായി സിപിഎം നേതാവ് പി കെ ശ്രീമതി. കേവലം ഉന്തും തള്ളുമല്ലെന്നും ഒരു വനിത അംഗം രണ്ടുപേരുടെ ഇടയിൽ ഞെരുങ്ങിപ്പോയെന്നും പി കെ ശ്രീമതി വിമർശിച്ചു. കണ്ണ് കാണാത്ത അതിക്രമത്തിലേക്ക് തിരുവനന്തപുരം നഗരസഭ കൗൺസിലർമാർ മാറിയത് ലജ്ജാകരമാണെന്നും പി കെ ശ്രീമതി പറഞ്ഞു.
"ഇത് കേവലം ഉന്തും തള്ളുമല്ല. ഒരു വനിത അംഗം രണ്ടുപേരുടെ ഇടയിൽ ഞെരുങ്ങി പോയിരിക്കുകയാണ്. കണ്ണ് കാണാത്ത അതിക്രമം. ഇത്തരത്തിലേക്ക് തിരുവനന്തപുരം നഗരസഭ കൗൺസിലർമാർ മാറിയത് ലജ്ജാകരം"- പി കെ ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു.
കേസെടുത്ത് പൊലീസ്
അതിനിടെ, തിരുവനന്തപുരം കോർപറേഷനിൽ ഉണ്ടായ സംഘർഷത്തിൽ മ്യൂസിയം പൊലീസ് കേസെടുത്തു. ബിജെപി കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ബിജെപി കൗൺസിലർമാരായ വി ജി ഗിരികുമാർ, വയൽക്കര രതീഷ്, പാപ്പനംകോട് സജി എന്നി കൗൺസിലർമാരും പ്രതികളാണ്. തടഞ്ഞുവെച്ച് ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന വകുപ്പാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കോൺഗ്രസ് വനിതാ കൗൺസിലർമാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഘർഷത്തിൽ പരിക്കേറ്റുവെന്ന് പറഞ്ഞ് ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയനും അർച്ചന മണികണ്ഠനും ചികിത്സ തേടിയിട്ടുണ്ട്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഒരുമാസത്തിന് ശേഷം ചേർന്ന കോർപറേഷൻ്റെ കൗൺസിൽ യോഗത്തിനിടെയാണ് കയ്യാങ്കളി ഉണ്ടായത്. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച കോൺഗ്രസ് അംഗങ്ങളുമായി ബിജെപി അംഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. മിനിറ്റ്സ് ബുക്കിൽ ഒപ്പിടാൻ കോൺഗ്രസ് അംഗങ്ങളെ ബിജെപി കൗൺസിലർമാർ അനുവദിച്ചില്ലെന്നാണ് യുഡിഎഫിൻ്റെ പരാതി. അജണ്ടകൾ പാസാക്കി മേയർ വി വി രാജേഷ് കൗൺസിൽ യോഗം അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു സംഘർഷം ഉണ്ടായത്.


