Asianet News MalayalamAsianet News Malayalam

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു

തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. 

CPM leader PR Aravindakshan in ED custody Karuvannur bank scam sts
Author
First Published Sep 26, 2023, 2:11 PM IST

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു. തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ. കൂടാതെ അത്താണി ലോക്കല്‍ കമ്മറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാനും കൂടിയാണ്. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ സിപിഎം നേതാവാണ് അരവിന്ദാക്ഷന്‍. 

കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എം കെ കണ്ണനെ ഇഡി ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.  സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്നും ഇഡി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചുവെന്നും ചോദ്യം ചെയ്യലിന് ശേഷം എം കെ കണ്ണൻ പറഞ്ഞു. വെള്ളിയാഴ്ച വീണ്ടും ഹാജരാകാൻ എംകെ കണ്ണന് നോട്ടീസ് കൊടുത്തു. 

ഏഴ് മണിക്കൂറാണ് എംകെ കണ്ണനെ ചോദ്യം ചെയ്തത്. കരുവന്നൂർ ബാങ്കിൽ നിന്ന് 27 കോടിയിലേറെ രൂപ ബെനാമി വായ്പയായി തട്ടിയ പി പി കിരണും സതീഷ് കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടിലാണ് എം കെ കണ്ണനെ ചോദ്യം ചെയ്തത്. എം കെ കണ്ണൻ അദ്ധ്യക്ഷനായ ബാങ്കിലെ സതീഷ് കുമാറിന്‍റെ ബിനാമി നിക്ഷേപത്തിൽ നിന്നും പിപി കിരണിന് വേണ്ടി കരുവന്നൂർ ബാങ്കിലേക്ക് പോയ പണത്തിലാണ് ഇഡിയുടെ സംശയങ്ങൾ. പണമിടപാടിന്‍റെ രേഖകൾ ഇഡി കണ്ടെടുത്തിരുന്നു. ഈ പണമിടപാടുകൾ സംബന്ധിച്ച് പിന്നീട് സതീഷ് കുമാറും കിരണും തമ്മിൽ പൊലീസ് കേസുണ്ടാവുകയും എ സി മൊയ്തീൻ, എം കെ കണ്ണൻ അടക്കമുള്ളവർ പ്രശ്ന പരിഹാരത്തിന് ഇടപെട്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ഇഡിക്കെതിരെ എം കെ കണ്ണൻ രംഗത്തെത്തി.

വെള്ളിയാഴ്ച ഇഡി ഓഫീസിലെത്താൻ അറിയിച്ചിട്ടുണ്ടെന്നും താൻ ഹാജരാകുമെന്നും എം കെ കണ്ണൻ പറഞ്ഞു. കേസിൽ നിലവിൽ സിപിഎമ്മിന്‍റെ രണ്ട് സംസ്ഥാന സമിതി അംഗങ്ങളാണ് ഇഡി അന്വേഷണ നിഴലിലുള്ളത്. കേസിൽ എ സി മൊയ്തീനിനെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് എം കെ കണ്ണനെയും വിളിപ്പിച്ചത്. കണ്ണനുമായി ബന്ധപ്പെട്ട ഇനിയുള്ള നടപടികൾ എ സി മൊയ്തീനെ സംബന്ധിച്ചും നിർണ്ണായകമാണ്.

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ കൊച്ചി ഇഡി ഓഫീസിൽ ഇന്നും തുടരുകയാണ്. തൃശൂർ സഹകരണ ബാങ്ക് സെക്രട്ടറി എൻ ബി ബിനു, കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി ജിൽസ്, മുഖ്യപ്രതി സതീശ് കുമാറിന്‍റെ ഭാര്യ ബിന്ദു എന്നിവരെയാണ് വിളിച്ചുവരുത്തിയത്. തൃശൂ‍ർ സഹകരണ ബാങ്ക് പ്രസി‍ഡന്‍റും സിപിഎം നേതാവുമായ എം കെ കണ്ണന്‍റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കരുവന്നൂർ കേസിലെ പ്രതികൾക്ക് തൃശൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടകൂടി ഇടപാടുകൾ ഉണ്ടായിരുന്നു എന്ന് പരിശോധനയിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ വഴിക്കുള്ള അന്വേഷണം. കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾ അയ്യന്തോളിലേയും തൃശൂരിലേയും സഹകരണ ബാങ്കുകളുമായിക്കൂടി ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് എൻഫോഴ്സ്മെന്‍റ് ഡിറക്ടേറ്റ് കണക്കുകൂട്ടുന്നത്.

കരുവന്നൂർ തട്ടിപ്പിൽ പെരുവഴിയിലായത് 5000ത്തിലേറെ നിക്ഷേപകർ: 150 കോടി നൽകാനുണ്ടെന്ന് കണക്ക്

കരുവന്നൂർ തട്ടിപ്പ്; പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് എം വി ഗോവിന്ദൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios