ലൈംഗികാതിക്രമം ഗൗരവതരമായ ക്രിമിനല്‍കുറ്റമാണ്. അതിന് നീതിന്യായസംഹിത നിര്‍ദ്ദേശിക്കുന്ന നിയമനടപടികളുണ്ട്. അതിന് വിധേയമാകുകയും ആക്കുകയുമാണ് വേണ്ടത്. അതിന് മറ്റൊരു ന്യായവുമില്ല, ഒഴിവ് കഴിവുമില്ല- സുജ ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന ഇഎൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന ലൈംഗി പീഡന പരാതിയിൽ പ്രതികരണവുമായി സിപിഎം നേതാവ് സുജ സൂസൻ ജോർജ്. സുരേഷ് ബാബുവിനെതിരെ നിയമനടപടി ആണ് വേണ്ടതെന്ന് സുജ സൂസൻ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. സുരേഷ് ബാബുവിനെതിരായ പരാതി സിപിഎം പാർട്ടിക്കുള്ളിൽ ഒതുക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെയാണ് വനിതാ നേതാവിന്‍റെ പ്രതികരണം.
ലൈംഗികാതിക്രമം ഗൗരവതരമായ ക്രിമിനല്‍കുറ്റമാണ്. അതിന് നീതിന്യായസംഹിത നിര്‍ദ്ദേശിക്കുന്ന നിയമനടപടികളുണ്ട്. അതിന് വിധേയമാകുകയും ആക്കുകയുമാണ് വേണ്ടത്. അതിന് മറ്റൊരു ന്യായവുമില്ല, ഒഴിവ് കഴിവുമില്ല- സുജ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം സംഭവത്തിൽ ഇരയായ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് നിലവിലെ സൂചന. സുരേഷ് ബാബുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് യുവതിയ്ക്ക് സംസ്ഥാന നേതൃത്വം ഉറപ്പ് നൽകി എന്നാണ് വിവരം.
സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കം നേതൃത്വം പരിഗണിക്കുന്നുണ്ട്. വിപുലീകൃത ജില്ല കമ്മിറ്റികൾക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും തീരുമാനമെടുക്കുക. സുരേഷ് ബാബുവിനെതിരെ ശക്തമായ ഡിജിറ്റൽ തെളിവുകളോടെയാണ് യുവതി നേതൃത്വത്തിന് പരാതി നൽകിയത്. പാലക്കാട് സിപിഎം ജില്ല കമ്മിറ്റി ഓഫീസിൽ വച്ചാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഇത് പരാതിയുടെ ഗൗരവം കൂട്ടുന്നതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.


