മുള്ളൻപ്പന്നിയെ കൊന്ന കേസിൽ വെള്ളനാട് ശശി വനംവകുപ്പ് ഓഫീസിൽ കീഴടങ്ങി. പരുത്തിപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസിലാണ് വെള്ളനാട് ശശി ഹാജരായത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് നടപടി.
തിരുവനന്തപുരം: മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസില്‍ വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവുമായ വെള്ളനാട് ശശി വനം വകുപ്പ് ഓഫീസിൽ കീഴടങ്ങി. ഉച്ചക്ക് മൂന്ന് മണിയോടെ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെത്തിയാണ് വെള്ളനാട് ശശി കീഴടങ്ങിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസില്‍ ഇദ്ദേഹത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. നേരത്തെ ഇദ്ദേഹത്തിന്റെ മുൻകൂർ ജാമ്യപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു.
കഴിഞ്ഞ മാസം 28 നാണ് കേസിനാസ്പദമായ സംഭവം. വെള്ളനാട് ഒരു കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മുള്ളന്‍ പന്നി കയറിയത്. വിവരം അറിഞ്ഞെത്തിയ ശശി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്താന്‍ കാത്ത് നില്‍ക്കാതെ ഇരുന്പ് വടി കൊണ്ട് മുള്ളന്‍ പന്നിയെ തല്ലിക്കൊല്ലുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട ജീവിയാണിത്. മുള്ളന്‍ പന്നിയെ കൊല്ലുന്നത് ഏഴ് വര്‍ഷം വരെ തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വനം വകുപ്പ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ശശി, പിന്നീട് ഔദ്യോഗിക ചടങ്ങില്‍ അടക്കം പങ്കെടുത്തെങ്കിലും അറസ്റ്റ് ചെയ്യാന് വനം വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ശശിയുടെ കീഴടങ്ങല്‍.
നിരന്തരം വിവാദത്തിൽപ്പെടുന്നയാളാണ് വെള്ളനാട് ശശി. വീട്ടിനുള്ളിൽ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്ന സംഭവത്തിലാണ് കഴിഞ്ഞ മാസം ശശിക്കെതിരെ വനം വകുപ്പ് കേസെടുത്തത്. അറസ്റ്റ് ചെയ്യാനായി വനം വകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോൾ ശശി സ്ഥലത്തില്ലായിരുന്നു. ശശി പങ്കെടുക്കേണ്ട വെള്ളനാട് സ്കൂളിലെ പരിപാടി സ്ഥലത്തും ഉദ്യോഗസ്ഥർ എത്തി. അവിടെയും ശശി എത്തിയിട്ടില്ലെന്നായിരുന്നു വിവരം. ഒളിവിലെന്ന് വനംവകുപ്പ് വാദിക്കുന്ന വെള്ളനാട് ശശി കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റിൽ എത്തിയത് വലിയ വാർത്തയായിരുന്നു. വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവുമായ വെള്ളനാട് ശശിയെ ദിവസങ്ങൾക്ക് മുമ്പ് ലോഡ്ജിൽ കണ്ടെത്തിയിട്ടും അറസ്റ്റ് ചെയ്തിരുന്നില്ല. കഴിഞ്ഞ ദിവസം ശശി സെക്രട്ടേറിയേറ്റിൽ എത്തിയപ്പോള്‍ ദൃശ്യങ്ങൾ പകർത്തിയ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകനോട് ശശി തട്ടികയറി. ശശിയുടെ അറസ്റ്റ് വൈകുന്നു എന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ ദൃശ്യങ്ങള്‍ ശ്രദ്ധേയമായത്.
വനിതാ പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടെന്ന പരാതിയും അടുത്തിടെ ശശിക്കെതിരെ ഉയര്‍ന്നിരുന്നു. 2024 സെപ്തംബറിൽ വെള്ളനാട് ശശി പത്തനംതിട്ടയിൽ വെച്ച് അറസ്റ്റിലായിരുന്നു. കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദിച്ച സംഭവത്തിലാണ് അന്ന് പൊലീസ് ശശിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റുചെയ്തത്. തട്ടുകടയുടെ ബോര്‍ഡ് റോഡില്‍നിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. 2021ൽ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം അടിച്ചു തകർത്ത കേസിലും വെള്ളനാട് ശശി അറസ്റ്റിലായിരുന്നു. തന്നോട് സമ്മതം ചോദിക്കാതെ ഫ്ലക്സ് ബോർഡിൽ നൽകിയ സ്വന്തം ചിത്രം വെട്ടിയെടുത്ത് വെള്ളനാട് ശശി പ്രതിഷേധിച്ചതും 2021ൽ ആയിരുന്നു. പഞ്ചായത്ത് ഓഫീസിന് മുന്നിലും വെള്ളനാട് ജങ്ഷനിലും സ്ഥാപിച്ച ബോർഡുകളിൽ നിന്നാണ് ചിത്രം വെട്ടിയെടുത്തത്. ഔദ്യോഗിക വാഹനം വിട്ടു നൽകാത്തതിന് പഞ്ചായത്ത് സെക്രട്ടറിയെ വഴിയിൽ തടഞ്ഞതും ഇക്കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു.

