ഡോക്ടർ ഹാരിസിനെ കൂട്ടത്തോടെ കടന്നാക്രമിച്ച് സിപിഎം നേതാക്കളും മന്ത്രിമാരും. മുഖ്യമന്ത്രി വിമർശനം തുടങ്ങിയതോടെയാണ് ഡോക്ടറെ എതിരാളിയായി കണ്ടുള്ള നിലപാട് മാറ്റം.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ദുരവസ്ഥ തുറന്ന് പറഞ്ഞ ഡോക്ടർ ഹാരിസിനെ കൂട്ടത്തോടെ കടന്നാക്രമിച്ച് സിപിഎം നേതാക്കളും മന്ത്രിമാരും. മുഖ്യമന്ത്രി വിമർശനം തുടങ്ങിയതോടെയാണ് ഡോക്ടറെ എതിരാളിയായി കണ്ടുള്ള നിലപാട് മാറ്റം. ഡോക്ടർ ഹാരിസിൻ്റേത് കുനിഷ്ടായി കണക്കാക്കേണ്ടെന്ന് പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിന്തുണച്ചു.

വിവാദങ്ങളെ തണുപ്പിക്കാൻ ആരോഗ്യമന്ത്രി മികച്ച ഡോക്ടർ എന്ന വിശേഷിപ്പിച്ച ഹാരിസ് ചിറക്കൽ ഇപ്പോൾ മെല്ലെ പാർട്ടിക്കും സർക്കാറിനും മുഖ്യ എതിരാളിയായി മാറി. ഇന്നലെ മുഖ്യമന്ത്രി തുടങ്ങിവെച്ച വിമർശനങ്ങൾ ഏറ്റെടുത്താണ് ഡോക്ടർക്കെതിരായ കൂട്ട ആക്രമണം. ഇടത് ആഭിമുഖ്യമുള്ള ഡോക്ടറെ ചേർത്ത് പിടിച്ചായിരുന്നു മന്ത്രിയുടെ അടക്കം ആദ്യപ്രതിരോധം. എന്നാൽ ഹാരിസിൻ്റെ തുടർച്ചയായ വിമർശനം കത്തിപ്പടർന്ന് നമ്പർ വൺ ആരോഗ്യകേരളമെന്ന വാദം പൊളിഞ്ഞ് വീണതോടെയാണ് തിരിച്ചാക്രമിച്ചുള്ള ലൈൻമാറ്റം. ആരോഗ്യരംഗത്തെ മൊത്തത്തിൽ വിമർശിച്ചു, രാഷ്ട്രീയ എതിരാളികൾക്ക് ആയുധം നൽകിയെന്നൊക്കെയാണ് ഡോക്ടർക്കെതിരായ കുറ്റങ്ങൾ. ജിആർ അനിൽ സിപിഎമ്മിനൊപ്പം ഡോക്ടർ വിരുദ്ധ ചേരിയിലെങ്കിൽ സിപിഐ സംസ്ഥാന സെക്രട്ടറി ഡോകര്‍ക്കൊപ്പമാണ്.

ഹാരിസിൻ്റെ വിമർശനം കൊണ്ട് ഉപകരണങ്ങൾ അതിവേഗമെത്തി ശസ്ത്രക്രിയ തുടങ്ങിയ കാര്യം മറന്നാണ് നേതാക്കളുടെ വിമർശനം. യുപിയിൽ ആരോഗ്യരംഗത്തെ വീഴ്ചകൾക്കെതിരെ പോരാടിയ ഡോ. കഫീൽഖാനെ കേരളത്തിലേക്ക് ക്ഷണിച്ച് പുകഴ്ത്തിയ മുഖ്യമന്ത്രി അടക്കമാണ് നമ്മുടെ നാട്ടിലെ പാവം രോഗികൾക്ക് വേണ്ടി ഇറങ്ങിയ ഡോക്ടറെ ശത്രുപക്ഷത്ത് നിർത്തുന്നത്.