Asianet News MalayalamAsianet News Malayalam

കുറ്റങ്ങൾ ചെയ്യുന്നവർക്ക് കേറികൂടാൻ പറ്റിയ സ്ഥലമായി സിപിഐ എന്ന് എം വി ജയരാജൻ, കോമത്തിന് മുന്നറിയിപ്പുമായി ഇ പി

തളിപ്പറമ്പിൽ വിളിച്ചുചേർത്ത് രാഷ്ട്രീയ വിശദീകരണയോഗത്തിലായിരുന്നു ഇ പി ജയരാജനും എം വി ജയരാജനും കോമത്തിനും സിപിഐക്കുമെതിരെ രംഗത്തെത്തിയത്

cpm leaders ep jayarajan and mv jayarajan criticizes cpi and komath muraleedharan
Author
Kannur, First Published Dec 5, 2021, 9:42 PM IST

കണ്ണൂർ: തളിപ്പറമ്പിൽ സിപിഎമ്മിന് (CPM) തലവേദനയായി മാറിക്കഴിഞ്ഞ കോമത്ത് മുരളീധരന് (Komath Muraleedharan) മുന്നറിയിപ്പും സിപിഐക്ക് (CPI) വിമർശനവുമായി നേതാക്കൾ. തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് വരുന്നതാണ് കോമത്തിന് നല്ലതെന്നും അല്ലെങ്കിൽ ഒറ്റപ്പെടുമെന്നും ഇ പി ജയരാജൻ (E P Jayarajan) മുന്നറിയിപ്പ് നൽകിയപ്പോൾ സകല കുറ്റങ്ങളും നടത്തുന്നവർക്ക് കേറി കൂടാൻ പറ്റിയ സ്ഥലമാണ് ഇപ്പോൾ സിപിഐ എന്നായിരുന്നു എം വി ജയരാജൻ (M V Jayarajan) വിമർശിച്ചത്. തളിപ്പറമ്പിൽ വിളിച്ചുചേർത്ത് രാഷ്ട്രീയ വിശദീകരണയോഗത്തിലായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം (CPM Central Committee Member) ഇ പി ജയരാജനും കണ്ണൂർ ജില്ലാ സെക്രട്ടറി (CPM Kannur District Secretary) എം വി ജയരാജനും കോമത്തിനും സിപിഐക്കുമെതിരെ രംഗത്തെത്തിയത്.

ഇ പി ജയരാജൻ പറഞ്ഞത്

പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കുന്നവരുണ്ടായേക്കാം. എന്നാൽ അവർ പാർട്ടിയെ ദുർബലപ്പെടുത്തരുത്. ഒരു പാട് പേർ തെറ്റ് തിരുത്തി പാർട്ടിയിൽ തിരിച്ചെത്തുന്നുണ്ട്. തെറ്റ് തിരുത്തി തിരികെ എത്താത്തവർ ദുർബലപ്പെട്ട് പോകും. പാർട്ടിക്ക് മുമ്പിൽ തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് വരുന്നതാണ് നല്ലത്. തളിപ്പറമ്പിൽ പാർട്ടി വിട്ട് പോയ പലരും തിരിച്ച് വരാൻ ശ്രമിക്കുന്നുണ്ട്. മുരളിക്ക് ഇപ്പം തിരിച്ച് വരാൻ എളുപ്പമാണ് അങ്ങനെ ചെയ്തില്ലെങ്കിൽ മുരളി ഒറ്റപ്പെടുമെന്നും ഇ പി ജയരാജൻ പറഞ്ഞു. എം വി രാഘവനടക്കം തെറ്റ് തിരുത്തിയിട്ടുണ്ടെന്നും ഇ പി വിവരിച്ചു.

എം വി ജയരാജൻ പറഞ്ഞത്

സകല കുറ്റങ്ങളും നടത്തുന്നവർക്ക് കേറി കൂടാൻ പറ്റിയ സ്ഥലമാണ് ഇപ്പോൾ സിപിഐ. ചിലർക്ക് ചിലരെ കുറ്റപ്പടുത്തിയാൽ മാത്രമേ പുറത്തേക്ക് പോകാൻ പറ്റു. ഗോവിന്ദൻ മാഷിന് മുരളിക്കെതിരെ വ്യക്തിപരമായി നിലപാട് സ്വീകരിക്കാൻ കഴിയില്ല. അങ്ങനെയുള്ളതല്ല ഈ പാർട്ടി ഘടന. അത്തരത്തിലുള്ള ശീലം പാർട്ടിക്കില്ല. ആന്തൂരിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചപ്പോഴാണ് മുരളിക്ക് ഉൾവിളിയുണ്ടായത്. സാജന്‍റെ കുടുംബത്തിനൊപ്പമായിരുന്നു പാർട്ടി. സാജന്‍റെ സ്വപ്നമായ കൺവൻഷൻ സെന്‍റർ തുറക്കാൻ ഇടപെടത് പാർട്ടിയാണ്. ഇതിലെവിടെയാണ് മുൻസിപ്പൽ കോർപറേഷന് തെറ്റ് പറ്റിയതെന്നും എം വി ജയരാജൻ ചോദിച്ചു. ഒന്നും രണ്ടും ആളുകൾ പോയാൽ തകരുന്നതല്ല ഈ പാർട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തളിപ്പറമ്പിൽ സിപിഎമ്മിന് തലവേദനയായി സംഘടനാ പ്രശ്നങ്ങൾ, 18 അംഗങ്ങൾ കുടുംബത്തോടെ പാർട്ടി വിട്ട് സിപിഐയിൽ

ജില്ലാ സമ്മേളനം അടുത്ത ആഴ്ച നടക്കാനിരിക്കെ കണ്ണൂരിലെ സിപിഎമ്മിന് കോമത്ത് മുരളീധരൻ തളിപ്പറമ്പിൽ ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. പാർട്ടി പുറത്താക്കിയ മുൻ ഏരിയ കമ്മറ്റിയംഗം കോമത്ത് മുരളീധരൻ  അറുപതോളം പ്രവർത്തകരെകൂട്ടി സിപിഐയിൽ ചേർന്നത് പ്രദേശത്ത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ്. മാന്ധംകുന്ന് പുളിപറമ്പ് മേഖലയിലടക്കം കോമത്ത് മുരളീധരനെ അനുകൂലിക്കുന്നവരെ പാർട്ടിയിൽ ഉറപ്പിച്ചുനിർത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചുചേർത്തത്.

നേരത്തെ കോമത്ത് മുരളീധരനെ പുറത്താക്കിയതോടെ 18 അംഗങ്ങളും കുടുംബങ്ങളും പാർട്ടി വിട്ട് സിപിഐയിൽ ചേർന്നിരുന്നു. വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മന്ത്രി എംവി ഗോവിന്ദന്‍റെ ഭാര്യ ശ്യാമള ടീച്ചർക്കുണ്ടായ വീഴ്ച ചോദ്യം ചെയ്തതിനാണ് തനിക്കെതിരെ നടപടിയെടുത്തത് എന്നാണ് മുരളീധരൻ ആരോപിക്കുന്നത്. സാജന്റെ ആത്മഹത്യയ്ക്ക് കാരണം നഗരസഭാ ചെയർ പേഴ്സണായിരുന്ന ശ്യാമള ടീച്ചറുടെ പിടിവാശിയായിരുന്നുവെന്നും ഇത് ചോദ്യം ചെയ്തതോടെയാണ് പാർട്ടിക്കുള്ളിൽ തന്നെ  ഒതുക്കൽ തുടങ്ങിയതെന്നും സിപിഎം വിട്ട കോമത്ത് മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. മന്ത്രി എംവി ഗോവിന്ദന്റെ ഭാര്യയായ ശ്യാമള, പാർട്ടിയിലെ മുതിർന്ന നേതാവായ പി ജയരാജൻ ആവശ്യപ്പെട്ടിട്ടും കൺവെൻഷൻ സെന്ററിന് അനുമതി നൽകിയില്ലെന്നും ജയരാജൻ എല്ലാം സഹിച്ച് ഇപ്പോഴും പാർട്ടിയിൽ തുടരുകയാണെന്നും കോമത്ത് മുരളീധരൻ  പറഞ്ഞിരുന്നു. വ്യക്തിപൂ‍ജ പിണറായിയുടെ പേരിൽ നടക്കുമ്പോൾ എന്തുകൊണ്ട് നടപടി ഉണ്ടാകുന്നില്ലെന്നും മുരളീധരൻ ചോദ്യം ഉയർത്തിയിട്ടുണ്ട്. 

പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാൻ; പി ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ

Follow Us:
Download App:
  • android
  • ios